കൊച്ചി: (piravomnews.in) നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി.
ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് നടപടി. മൊഴിപകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്.
എന്നാൽ തീർപ്പാക്കിയ ഒരു ഹർജിയിൽ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമലംഘനമെന്നായിരുന്നു ദീലീപിന്‍റെ വാദം. വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്‍റെ അപ്പീൽ.
തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയിൽ വാദിച്ചു.അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത കോടതിയിൽ മറുപടി നൽകി.
വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
#Dileep's #backlash in the #court again in the #case of #assaulting the #actress