കാെച്ചി : (piravomnews.in) കായൽ ടൂറിസത്തിന് കൂടുതൽ സാധ്യതകളുമായി ഇന്ത്യയിലെ ആദ്യ സൗരോർജ വിനോദസഞ്ചാര ബോട്ടായ ‘ഇന്ദ്ര’കൊച്ചി കായലിൽ ഞായറാഴ്‌ചമുതൽ സർവീസ് ആരംഭിച്ചു. ജലാഗതാഗതവകുപ്പിന്റേതാണ് ബോട്ട്.
നൂറുപേർക്ക് യാത്രചെയ്യാവുന്ന ബോട്ട് ദിവസവും രാവിലെ 10നും മൂന്നിനുമായി രണ്ട് ട്രിപ്പുകൾ നടത്തും. ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിങ്‌ഡൺ ഐലൻഡ് എന്നിവിടങ്ങളിലൂടെയാണ് യാത്ര.
മറൈൻ സൗരോർജ ബോട്ടുകൾ കൂടുതൽ ലാഭം നൽകുമെന്നതിനാലാണ് വകുപ്പ് കൂടുതൽ ബോട്ടുകൾ ഇത്തരത്തിൽ ഇറക്കുന്നത്. ബജറ്റ് ടൂറിസത്തിന് പ്രധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇന്ദ്ര സർവീസ് തുടങ്ങിയതെന്നും ജലഗതാഗതവകുപ്പ് ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു.
മുതിർന്നവർക്ക്- 300 രൂപയും കുട്ടികൾക്ക് (5 മുതൽ 11 വയസ്സുവരെ)- 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണവും ഉണ്ടാകും. രാജ്യത്തെ ഏറ്റവും നീളംകൂടിയ സോളാർ ക്രൂസ് ബോട്ടാണ് ഇന്ദ്ര, 24 മീറ്റർ. താഴത്തെ നില എസിയാണ്.
മുകൾനിലയിൽ ഭാഗികമായി ഓപ്പൺ സ്പേസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 25 കിലോവാട്ടിന്റെ സോളാർ പാനലാണ് ബോട്ടിലുള്ളത്.
3.7 കോടി രൂപയാണ് നിർമാണ ചെലവ്. സൗരോർജമായതിനാൽ കാർബൺ മലിനീകരണവും ശബ്ദമലിനീകരണവുമില്ല. മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാനുമാകും. ബുക്കിങ്ങിന് 94000 50351, 94000 50350
#Solarboat 'Indra' #service #started