കാലടി : (piravomnews.in) ലൈഫ് ഭവനപദ്ധതിയിൽ ഇടംപിടിച്ചിട്ടും വീടുനിർമാണം തുടങ്ങാനാകാതെ പ്രതിസന്ധിയിലായ ആതിരയ്ക്ക് പിരാരൂർ ഫ്രണ്ട്സ് ക്ലബ് വീട് നിർമിച്ചുനൽകും.

ക്ലബ്ബിന്റെ 50–-ാം വാർഷികത്തിന്റെ ഭാഗമായാണ് വീട് നൽകുന്നത്. തറക്കല്ലിടൽ കാലടി ശ്രീശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി എൻ ശ്രീനിവാസനും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാനുംചേർന്ന് നടത്തി.
കാലടി പഞ്ചായത്തിലെ വാർഡ് 15 പിരാരൂരിലെ കണക്കൻകുടി വീട്ടിൽ പരേതരായ അയ്യപ്പൻ -–കാളി ദമ്പതികളുടെ മകളാണ് മുപ്പത്തിരണ്ടുകാരിയായ ആതിര. ഇടിഞ്ഞുവീഴാറായ വീട്ടിൽ ഒറ്റയ്‌ക്കാണ് ആതിര താമസിക്കുന്നത്.
എസ്‌സി വിഭാഗത്തിൽപ്പെടുന്ന ആതിര കാലടി പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താവാണ്. ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമിക്കാൻ 40,000 രൂപ അനുവദിച്ചിട്ട് നാലുമാസമായി. സാമ്പത്തിക ബുദ്ധിമുട്ടുമൂലം തറനിർമാണം തുടങ്ങാനായില്ല. 450 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. അതിന് 10 ലക്ഷം രൂപ ചെലവ് വരും.
നാലുലക്ഷം രൂപ ഘട്ടങ്ങളായി സർക്കാർ നൽകും. ബാക്കി ആറുലക്ഷം രൂപ പൊതുജനപങ്കാളിത്തത്തോടെ ക്ലബ് സമാഹരിച്ചുനൽകും.
തറ നിർമിക്കാനുള്ള കരിങ്കല്ല് ലഭ്യമാക്കിയത് മാണിക്യമംഗലം സായി ശങ്കരകേന്ദ്രമാണ്. മറ്റൂർ തോട്ടേക്കാട് സലിയുടെ നേതൃത്വത്തിലുള്ള സിപിഐ എം പ്രവർത്തകരാണ് സൗജന്യമായി തറയുടെ പണി ചെയ്യുന്നത്.
സഹായമഭ്യർഥിച്ച് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അംബിക ബാലകൃഷ്ണനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാനെ സമീപിച്ചത്.
ഫ്രണ്ട്‌സ് ക്ലബ് രക്ഷാധികാരികൂടിയായ സിജോ ചൊവ്വരാൻ വിഷയമവതരിപ്പിച്ച് നിർമാണം ഏറ്റെടുക്കുകയായിരുന്നു. മെയ് 31നുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
വി കെ മാധവൻ, കെ കെ സഹദേവൻ, പി എം അരുൺദാസ്, കെ ബി സാനു, സൗമ്യ രതീഷ്, പി എസ് സുമേഷ് എന്നിവരും ക്ലബ് പ്രവർത്തകരും പങ്കെടുത്തു.
#Pirarur #Friends #Club will #build a #house for #Athira
