തൃക്കാക്കര : (piravomnews.in) തൃക്കാക്കരയിലെ കോൺഗ്രസിലെ ഗ്രൂപ്പ്‌പോരിനെത്തുടർന്ന് മണ്ഡലം കമ്മിറ്റി യോഗം 12 ബൂത്ത് കമ്മിറ്റികൾ ബഹിഷ്കരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശനിയാഴ്ച വിളിച്ച തൃക്കാക്കര ഈസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഉമ തോമസ് എംഎൽഎയെ അനുകൂലിക്കുന്ന വിഭാഗം വിട്ടുനിന്നത്. തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിലെ ആകെ 15 ബൂത്തിലെ മൂന്ന് ബൂത്ത് പ്രസിഡന്റുമാർമാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
ജനപ്രതിനിധികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽനിന്ന് വിട്ടുനിന്നു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റായി ബാബു ആന്റണിയെ ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി നിയമിച്ചതിനെച്ചൊല്ലിയാണ് ഭിന്നത ഉടലെടുത്തത്.
എ ഗ്രൂപ്പ് കൈവശം വച്ചിരുന്ന സ്ഥാനത്തേക്കാണ് ഉമ തോമസിനോടൊ എ ഗ്രൂപ്പ് നേതാക്കളോടൊ മണ്ഡലം ഭാരവാഹികളോടൊ കൂടിയാലോചനയില്ലാതെ നിയമനം നടത്തിയത്. തുടർന്നാണ് മണ്ഡലം കമ്മിറ്റി യോഗം എ ഗ്രൂപ്പ് ബഹിഷ്കരിച്ചത്. തൃക്കാക്കരയിലെ ഗ്രൂപ്പ്പോര് നഗരസഭാ ഭരണത്തെയും ബാധിച്ചിട്ടുണ്ട്.
ഇതുമൂലം കഴിഞ്ഞ മൂന്നുവർഷമായി നഗരസഭ സ്തംഭനാവസ്ഥയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇടഞ്ഞുനിൽക്കുന്ന എംഎൽഎയെയും അനുയായികളെയും അനുനയിപ്പിക്കാനുള്ള നീക്കം നടത്താൻ സംസ്ഥാന നേതാക്കൾ ജില്ലാനേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്.
12 Booth #Committees #Boycott #Constituency #Committee Meeting in #Thrikkakara
