കാലടി : (piravomnews.in) സർട്ടിഫിക്കറ്റുകൾക്ക് കാലടി വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ കാലടി മേഖലാ കമ്മിറ്റി, വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ ഉദ്ഘാടനംചെയ്തു.
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് സി വി സജേഷ് അധ്യക്ഷനായി. ഏക്കർകണക്കിന് തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുനികത്താൻ ഭൂമാഫിയക്ക് വില്ലേജ് ഓഫീസർ പിന്തുണ നൽകുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊലീസ്, റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നടക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് മാണിക്യമംഗലം, നെട്ടിനംപിള്ളി, പുളിയേലിപ്പടി, പൊതിയക്കര, വേങ്ങൂർ പ്രദേശങ്ങളിലെ അമ്പതേക്കറോളം പാടശേഖരം മണ്ണിട്ടുനികത്തി.
ജിയോളജിവകുപ്പിന്റെ പാസില്ലാതെ "സർക്കാർവക' എന്ന ബോർഡ് അനധികൃതമായി വാഹനത്തിൽ പ്രദർശിപ്പിച്ച് പകൽസമയത്തും മണ്ണടി നടക്കുകയാണ്. ഇതിന് പൊലീസ് ഒത്താശ നൽകുന്നു. നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കേണ്ട കാലടി പഞ്ചായത്ത് ഭരണസമിതി പാടശേഖരം നികത്താൻ സഹായകമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഡിവൈഎഫ്‌ഐ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ പെയിന്റ് ഒഴിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കാലടി പൊലീസിന് നൽകിയ പരാതിക്ക് പരിഹാരമായില്ല. വില്ലേജ് ഓഫീസർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് റവന്യുമന്ത്രിക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
മേഖലാ സെക്രട്ടറി എം എസ് സ്റ്റാലിൻ, എം ടി വർഗീസ്, ബേബി കാക്കശേരി, ഷിൻ മാത്യൂസ് എന്നിവർ സംസാരിച്ചു.
#DYFI #protests to #village #office alleging #bribery for #certificates