കൊച്ചി : (piravomnews.in) എറണാകുളം ജനറൽ ആശുപത്രി, കൊച്ചി കോർപറേഷൻ, ദേശീയ നഗരാരോഗ്യദൗത്യം, ഐസിഎംആർ എന്നിവ ചേർന്ന് തൂവൽസ്‌പർശം എന്ന പേരിൽ സ്തനാർബുദ ക്യാമ്പ് സംഘടിപ്പിച്ചു.
കൊച്ചി നഗരസഭാപരിധിയിലെ 74 ഡിവിഷനുകളിലായി 74 ക്യാമ്പുകൾ നടന്നു. 74 ഡോക്‌ടർമാരും 74 നഴ്‌സുമാരും അടങ്ങുന്ന മെഡിക്കൽസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ വീടുകളിലെത്തിയാണ് ഗൃഹാധിഷ്‌ഠിത സ്ക്രീനിങ് നടത്തിയത്.
40 വയസ്സിനുമുകളിലുള്ള 27,000 പേർക്കാണ് പ്രാഥമിക സ്ക്രീനിങ് നടത്തിയത്. ഇതിൽനിന്നുള്ള 3000 പേർ ക്യാമ്പിൽ പങ്കെടുത്തു. 500 പേരെ തുടർപരിശോധനയ്‌ക്കായി ജനറൽ ആശുപത്രി ക്യാൻസർ വിഭാഗത്തിലേക്ക് റഫർ ചെയ്തു.
ഇവർക്കായി 14 മുതൽ ജനറൽ ആശുപത്രിയിൽ ചൊവ്വ, ശനി ദിവസങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിക്കും. മാമ്മോഗ്രാം, അൾട്രാസൗണ്ട് സ്കാനിങ്, സൈറ്റോളജി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നുമാസത്തിനകം 500 പേർക്കും പരിശോധനകൾ പൂർത്തിയാക്കും.
ക്യാമ്പിന് നേതൃത്വം നൽകിയവരെ മേയർ എം അനിൽകുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷെഹിർ ഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി രോഹിണി എന്നിവർ അഭിനന്ദിച്ചു.
A #breast #cancercamp was #organized