കോതമംഗലം : (piravomnews.in) മാർത്തോമ ചെറിയപള്ളി പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ തിങ്കളും ചൊവ്വയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പോസ്റ്റ് ഓഫീസ് കവലമുതൽ കോഴിപ്പിള്ളി കവലവരെ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.

തിങ്കൾ പകൽ രണ്ടുമുതൽ ചൊവ്വ രാത്രി 10 വരെ നിയന്ത്രണം ഉണ്ടാകും. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കും. തീർഥാടകരുമായി നേര്യമംഗലത്തുനിന്നുള്ള ചെറിയ വാഹനങ്ങൾ ശോഭന സ്കൂൾ മൈതാനം, സെന്റ് ജോർജ് സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
മൂന്നാർ, അടിമാലി, വാരപ്പെട്ടി എന്നിവിടങ്ങളിൽനിന്ന് വരുന്ന സ്വകാര്യ–- കെഎസ്ആർടിസി ബസുകൾ അരമനപ്പടിയിൽനിന്ന് തിരിഞ്ഞ് മലയിൻകീഴ് ബൈപാസ് വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. കുട്ടമ്പുഴ, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾ മലയിൻകീഴിൽ യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം. മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എംഎ കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ആലുവ, പെരുമ്പാവൂർനിന്നുള്ള വാഹനങ്ങളും ബസുകളും നെല്ലിക്കുഴി ഗ്രീൻവാലി സ്കൂൾവഴി ബൈപാസിലെത്തി താലൂക്കാശുപത്രിക്കുസമീപം സ്റ്റാൻഡിൽ എത്തണം. വിവിധ സ്ഥലങ്ങളിൽനിന്ന് തീർഥാടകരുമായി വരുന്ന വലിയ വാഹനങ്ങൾ തങ്കളം ജങ്ഷനിൽക്കൂടി നിർദിഷ്ട നാലുവരിപ്പാതയിൽ പാർക്ക് ചെയ്യണം.
#Cheripalli #festival; #Traffic #control in #Kothamangalam #today and #tomorrow
