കോതമംഗലം : (piravomnews.in) സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ തുറന്ന നടപടി വിവാദമാകുന്നു.

മുൻ എംഎൽഎ ടി എം മീതിയന്റെ പേരിലുള്ള ഹാളിന്റെ പേര് മാറ്റാനുള്ള യുഡിഎഫ് ഭരണസമിതിയുടെ നീക്കം സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം ഹാളിന് അദ്ദേഹത്തിന്റെ പേരുനല്‍കി. പേരുമാറ്റല്‍ നടപടി ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്‌ക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യത്തിന്റെ ഓഫീസ് ഉത്തരവിട്ടു.
എന്നാല്‍, ഇതുലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ ഹാള്‍ തുറന്ന് പരിപാടികള്‍ നടത്തി. പ്രസിഡന്റ് ഉള്‍പ്പെട്ട കോടികളുടെ ജിഎസ്ടി തട്ടിപ്പില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഹാള്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ഥം പുനര്‍നാമകരണം ചെയ്തത് എന്ന് പ്രതിപക്ഷം പറഞ്ഞു. ബിഡിഒയുടെ സാന്നിധ്യത്തില്‍ കോതമംഗലം പൊലീസ് പൂട്ടിയ ഹാളാണ് ഉത്തരവ് ലംഘിച്ച് തുറന്നത്.
ഇതേത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീമിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികൾ ടി എം മീതിയന്റെ പേര് രേഖപ്പെടുത്തിയ ബോർഡ് ഹാളില്‍ പുനഃസ്ഥാപിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവിലാണ് ഹാൾ നിർമിച്ചത്. 2020 സെപ്തംബറിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
റഷീദ സലീം നേതൃത്വം നല്‍കിയ 2020 ബ്ലോക്ക് ഭരണസമിതി പ്രത്യേക യോഗം വിളിച്ചാണ് ഹാളിന് അന്ന് ടി എം മീതിയന്റെ പേര് നൽകിയത്. ആ പേര് മാറ്റിയത് നിയമവിരുദ്ധമാണെന്ന് റഷീദ സലീം, പ്രതിപക്ഷനേതാവ് കെ കെ ഗോപി, എം എ മുഹമ്മദ്, പി എം കണ്ണൻ, ലിസി ജോസഫ്, ആഷ അജിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
The #blockpanchayat #president opened the block panchayat hall in #violation of the #government #order.
