കൊച്ചി : (piravomnews.in) വീണ്ടും ചരിത്രനേട്ടം കൈവരിച്ച് എറണാകുളം ജനറൽ ആശുപത്രി. ബുധനാഴ്‌ച 28 ഹെർണിയ താക്കോൽദ്വാര ശസ്‌ത്രക്രിയയാണ് സീനിയർ കൺസൽട്ടന്റ് സർജൻ ഡോ. സജി മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയത്.

ലഘുവും അണുബാധ സാധ്യത കുറഞ്ഞതുമായതിനാൽ താക്കോൽദ്വാര ശസ്‌ത്രക്രിയക്ക് രോഗികൾക്കിടയിൽ സ്വീകാര്യത വർധിച്ചുവെന്നും വീണ്ടും ഹെർണിയ ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നും ഡോ. സജി മാത്യു പറഞ്ഞു.
ആശുപത്രിവാസം കുറവാണ്. ബുദ്ധിമുട്ടുകൾ ഇല്ലായെന്നുള്ളതും രോഗികൾക്ക് ആശ്വാസമാകുന്നു. ഹെർണിയ കേസുകൾ വ്യാപകമായ സാഹചര്യത്തിലും കോവിഡാനന്തര കാലഘട്ടമായതിനാലുമാണ് ലാപ്രോസ്കോപിക് ഹെർണിയ റിപ്പയർ ക്യാമ്പ് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷാ പറഞ്ഞു.
സർക്കാർ മേഖലയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു. മാസം എണ്ണൂറോളം ശസ്‌ത്രക്രിയകൾ വിവിധവിഭാഗങ്ങളിൽ നടക്കുന്നു.
ഇതിൽ 10 ശതമാനവും താക്കോൽദ്വാര ശസ്‌ത്രക്രിയയാണ്. ഡോ. സജി മാത്യു ജനറൽ ആശുപത്രിയിൽ ഇതുവരെ നടത്തിയ 6250 ശസ്ത്രക്രിയകളിൽ 2100 എണ്ണം താക്കോൽദ്വാര ശസ്‌ത്രക്രിയകളാണ്.
#Ernakulam #General #Hospital achieves #historic achievement again; 28 #hernia #surgeries in one day
