കൂത്താട്ടുകളം... വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ ഒഴിവാക്കി ഏഴു കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കുകയാണ് ഇലഞ്ഞിയിലെ ലൂക്കോസ് - സെലിൻ ദന്പതികള്‍.71-ലെത്തിയ വി.ജെ. ലൂക്കോസും 66- കാരിയായ സെലിനും 2023 ജനവരി 15 നാണ് വിവാഹ ജീവിതത്തിന്‍റെ 50-ാം വര്‍ഷത്തിലേക്ക് കടന്നത്. ഇതോടനുബന്ധിച്ച് സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് കരുതല്‍ നല്‍കുന്ന പദ്ധതി നടപ്പാക്കണമെന്ന് ലുക്കോസും സെലിനും തീരുമാനിക്കുകയായിരുന്നു.
മക്കളായ വി.എല്‍. ജോസഫ് (സൗത്ത് ഓസ്ട്രേലിയ), ജിജി ജോസഫ് (അധ്യാപിക ഹയര്‍ സെക്കൻഡറി സ്കൂള്‍, മുതലക്കോടം), മരുമക്കളായ ജോസഫ് മാത്യു നീരോലിക്കല്‍ (പൊതുമരാമത്ത് വിഭാഗം എൻജിനീയര്‍), സിമി ജോസ് പൊൻകുന്നം (ഓസ്ടേലിയ) എന്നിവരും ലൂക്കോസിന്‍റെയും സെലിന്‍റേയും ആഗ്രഹത്തിന് പിന്തുണയേകി. കൂത്താട്ടുകുളം, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, വെളിയന്നൂര്‍, ഇടുക്കി പ്രദേശങ്ങളില്‍ നിന്നായി അന്പതിലധികം അപേക്ഷകള്‍ ലഭിച്ചു. ഏഴു കുടുംബങ്ങളെ തെരഞ്ഞെടുത്തു. സ്വന്തമായി സ്ഥലവും വീടുമില്ലാത്തവര്‍, കുടുംബമായി കഴിയുന്നവര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുത്തത്.

വര്‍ഷങ്ങള്‍ക്കു മുന്പ് 18 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാൻ കൂത്താട്ടുകുളം നഗരസഭയിലെ സൗത്ത് ചോരക്കുഴി ഭാഗത്ത് ലൂക്കോസ് സൗജന്യമായി സ്ഥലം നല്‍കിയിരുന്നു. ലൂക്കോസിന്‍റെ മാതാവ് ഏലിയാമ്മ ജോസഫിന്‍റെ സ്മരണയ്ക്കാണ് പദ്ധതി നടപ്പാക്കിയത്. ഇതിനോടു ചേര്‍ന്ന് എംസി റോഡില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെയുള്ള 24 സെന്‍റ് ഭൂമിയിലാണ് പുതിയതായി ഏഴു കുടുംബങ്ങള്‍ക്ക് മൂന്നു സെന്‍റ് വീതം നല്‍കുന്നത്. ബാക്കിയുള്ള മൂന്നു സെന്‍റ് പൊതു ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നത്. മാതൃകാ കര്‍ഷക ദന്പതികളാണിവര്‍. ഇലഞ്ഞി റബര്‍ ഉല്പാദക സംഘത്തിന്‍റെ പ്രസിഡന്‍റാണ് ലൂക്കോസ്. നാളെ രാവിലെ 10.30ന് കൂത്താട്ടുകുളത്ത് എസ്‌എൻഡിപി ഹാളില്‍ ചേരുന്ന ചടങ്ങില്‍ വി.ജെ. ലൂക്കോസ്-സെലിൻ ദന്പതികള്‍ വസ്തുവിന്‍റെ ആധാരങ്ങള്‍ ഏഴു കുടുംബങ്ങള്‍ക്ക് കൈമാറും.
On their 50th wedding anniversary, seven families were given free house plots
