തിരുമാറാടി.... സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അനധികൃത പാറഖനവും വിൽപ്പനയും. തിരുമാറാടി പഞ്ചായത്തിൽ ആണ് അനുമതിയില്ലാതെ നടത്തുന്ന പാറഖനനത്തിനെതിരേ അധികൃതർ പരിശോധനനടത്തിയത്.
മണ്ണത്തൂരിലാണ് അനധികൃത പാറഖനനം വ്യാപകമായിരിക്കുന്നത്. മണ്ഡലം മലഭാഗത്ത് ഇലഞ്ഞനാക്കുഴി റോഡിനോട് ചേർന്ന് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നടക്കുന്ന അനധികൃത പാറഖനനം പഞ്ചായത്തധികൃതരെത്തി തടഞ്ഞു. അനധികൃത പാറമട പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതിനാലാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്. പഞ്ചായത്തിലെ ഒന്നാം വാർഡിൽ വെട്ടിമൂടിൽ നിന്നും മണ്ഡലം മലയിലേക്ക് പോകുന്ന വഴിയിൽ മണിയേലിൽ പുരയിടത്തിലാണ് അനധികൃതമായി പാറഖനനം ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, ഗ്രാമപ്പഞ്ചായത്ത് അംഗം നെവിൻ ജോർജ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ. മോഹൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Illegal quarrying and sale in the backyard of a private individual in Mannathur