കോഴിക്കോട്: (piravomnews.in) യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ.

മൂന്ന് മരണം സംഭവിച്ചത് അപകടമുണ്ടാകുന്നതിന് മുൻപാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മരിച്ച മൂന്ന് പേരിൽ ഒരാൾ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന സ്ത്രീയാണ്.
രണ്ടാമത്തെയാൾ ക്യാൻസർ രോഗിയും മൂന്നാമത്തെയാൾക്ക് കരൾ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ച നാല് പേർ. മരിച്ച ഗോപാലൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഗോപാലൻ്റെ കാര്യത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടില്ല. മരിച്ച അഞ്ചാമന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു.
ശ്വാസം കിട്ടാതെ മൂന്ന് രോഗികൾ മരിച്ചെന്നാണ് ടി സിദ്ദിഖ് എംഎൽഎ പറയുന്നത്. വയനാട് കോട്ടപ്പടി സ്വദേശി നസീറയുൾപ്പെടെ മൂന്ന് പേർ മരിച്ചെന്ന് എംഎൽഎ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.
ഇന്ന് രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. യുപിഎസ് റൂമിൽ ഷോർട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ വ്യക്തമാക്കി. തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുകയായിരുന്നു. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്.
അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.
Kozhikode Medical College denies allegations that patients died from suffocation before the accident, leading to three deaths
