തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മേവർക്കൽ പ്ലാവിള വീട്ടിൽ കെ അരുൺ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

മേവർക്കലെ വീട്ടിൽ നിന്നും വഞ്ചിയൂരിലേക്ക് പോകുവാൻ ബൈക്കിൽ എത്തിയപ്പോൾ, കിളിമാനൂർ ഭാഗത്ത് നിന്ന് പച്ചക്കറിയുമായി വന്ന ലോറിയുമായി അരുണിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.
ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നഗരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
A student died tragically in an accident involving a lorry and a bike.
