കൊച്ചി: ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെത്തിയത് ഒന്നിലധികം സ്ത്രീകളുടെ അസ്ഥികളും തലയോട്ടിയുമെന്ന് പൊലീസ്. ഫോറൻസിക് വിദഗ്ദ്‌ധർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന അസ്ഥികളും തലയോട്ടിയുമാണ് ഇതെന്നും പൊലീസ് വ്യക്തമാക്കുന്നു. എരുവേലി പാല സ്ക്വയറിന് സമീപം 24 വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ നിന്നാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. തലയോട്ടിയും എല്ലുകളും കവറിനുള്ളിലാക്കിയ നിലയിലായിരുന്നു. സ്ഥലം പൊലീസ് സീൽ ചെയ്‌തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തലയോട്ടിയും അസ്ഥികളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
എറണാകുളത്തെ സൈക്യാട്രിസ്റ്റ് ഡോ. ഫിലിപ്പ് മംഗലശേരിയുടെ തറവാട്ടു വീടാണിത്. 14 ഏക്കറോളമുളള്ള വളപ്പ് കാടുപിടിച്ചു കിടക്കുകയാണ്. അടുത്തകാലത്തൊന്നും ഡോക്ടർ വീട് സന്ദർശിച്ചിരുന്നില്ല. സംഭവത്തിൽ ഡോക്‌ടറുടെയും കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴിയെടുത്തു. പിറവത്തേക്കുള്ള റോഡിൽ എരുവേലി - തുപ്പംപടി ഭാഗത്ത് വിശാലമായ വയലിന് സമീപമാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ വീട് സ്ഥിതി ചെയ്യുന്നത്. അടുക്കള ഭാഗത്തെ വാതിൽ ദ്രവിച്ച അവസ്ഥയിലാണ്. വീട്ടുപകരണങ്ങളും ഫർണിച്ചറുകളും മറ്റും ഇവിടെയുണ്ട്. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ട് കാലങ്ങളായി. തൊട്ടടുത്ത് വേറെ വീടുകളില്ല. അസ്ഥികളും തലയോട്ടിയിലും ഉള്ള അടയാളപ്പെടുത്തലുകൾ വ്യക്തമാക്കുന്നത് പഠനാവശ്യത്തിന് ഉപയോഗിക്കുന്നവയെന്നാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന അസ്ഥികളാണവ. ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ കൃത്യമായ പ്രായം കണക്കാക്കാനാവുകയുള്ളൂവെന്നും ചോറ്റാനിക്കര പൊലീസ് പറഞ്ഞു.
Police found the bones and skulls of several women in the abandoned house.