കാസർകോട്: മലബാറിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർ മന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍. സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു.
സമിതികൾക്ക് ഇടപെടാനുള്ള നിർദേശം നൽകുമെന്നും പി കുഞ്ഞായിഷ വ്യക്തമാക്കി. കാസർകോട് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മിഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം. പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിന്‍റെയും ആഭിചാര ക്രിയകളുടെയും പേരിൽ ചൂഷണം ചെയ്യുന്നവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കണം. സാധാരണക്കാരായ സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്‌ത് ദുർമന്ത്രവാദത്തിലേക്ക് ആഭിചാര ക്രിയകളിലേക്കും നയിക്കുന്നതിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യമാണ്.
സാമ്പത്തിക പ്രശ്‌നങ്ങളെയും കുടുംബ പ്രശ്‌നങ്ങളെയും യുവ തലമുറ വൈകാരികമായി സമീപിക്കുന്നത് വർധിച്ചു വരികയാണെന്ന് കമ്മിഷൻ അംഗം വിലയിരുത്തി. വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകുന്നില്ല. വഴിത്തർക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ സ്ത്രീകളെ മുൻനിർത്തി കൈകാര്യം ചെയ്യുന്ന പ്രവണതയും വർധിച്ചു വരികയാണ് എന്നു വനിതാ കമ്മിഷന്‍ അംഗം ചൂണ്ടിക്കാട്ടി.
Witchcraft and sorcery using women in Kerala; State Women's Commission member P Kunjaisha said that strict action will be taken.