കളമശേരി: കൂനന്തൈയില്‍ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ കൊലചെയ്യപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ കളമശേരി പോലീസ് പിടികൂടി. തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347-A വീട്ടില്‍ ഗിരീഷ്ബാബു (45), തൃപ്പൂണിത്തുറ എരൂർ കല്ലുവിള റെയില്‍വേ ലൈനില്‍ പ്രബിതയില്‍ കദീജ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്ബാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജയ്സി എബ്രഹാം (55) ആണ് കഴിഞ്ഞ 17 ന് കൂനംതൈ അമ്ബലം റോഡിലുള്ള അപ്പാർട്ട്മെന്‍റിന്‍റെ ഒന്നാം നിലയിലെ കിടപ്പുമുറിയോട് ചേർന്ന് ബാത്ത് റൂമില്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. ജയ്സി ഒരു വർഷത്തോളമായി ഈ അപ്പാർട്ട്മെന്‍റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ ഡിസിപി കെ.എസ്.സുദർശനന്‍റെ നിർദേശ പ്രകാരം തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ബേബി പി.എ, കളമശേരി ഇൻസ്പെക്ടർ ലത്തീഫ് എംബി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റില്‍ ആയത്. പ്രതിയായ ഗിരീഷ് ബാബുവിന്‍റെ കാമുകിയാണ് ഖദീജ. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജയ്സി. ഓണ്‍ലൈൻ ഡേറ്റിംഗ് ആപ്പ് വഴി ജയ്സിയെ ബന്ധപ്പെട്ട് ഫ്ലാറ്റില്‍ എത്തിയ ഗിരീഷ് ബാബു അവിടെ വച്ചാണ് ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാർക്ക് ഇത്തരത്തില്‍ സ്ത്രീകളെ നല്‍കുന്ന ഏജന്‍റ് ആയിരുന്നു ജയ്സി. പരിചയത്തില്‍ ആയ ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയായിരുന്നു. ജയ്സിക്ക് അടുത്തിടെ വീട് വിറ്റ് പണം ലഭിച്ച കാര്യം പ്രതികള്‍ക്ക് അറിയാമായിരുന്നു. പണത്തിന് ബുദ്ധിമുട്ടിയിരുന്ന പ്രതികള്‍ ജയ്സി പുതിയ സ്വർണ്ണവളകള്‍ വാങ്ങിയ വിവരം അറിഞ്ഞിരുന്നു. കൂടാതെ വീട് വിറ്റ് കിട്ടിയ പണം ജയ്സിയുടെ അപാർട്ട്മെന്‍റില്‍ ഉണ്ടാകുമെന്നും ഊഹിച്ചു.
സ്വർണ്ണവും പണവും കവർച്ച ചെയ്യാനായി രണ്ടു മാസം മുന്നേ തന്നെ ഇരുവരും ഗൂഢാലോചന നടത്തി. ഫ്ലാറ്റില്‍ മറ്റാരും ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാല്‍ ഞായറാഴ്ചയാണ് മോഷണത്തിനായി തെരഞ്ഞെടുത്തത്. ഞായറാഴ്ച രാവിലെ സഹോദരന്‍റെ ബൈക്കില്‍ കാക്കനാട് എൻജിഒ കോട്ടേഴ്സിന് സമീപമുള്ള വീട്ടില്‍ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ് ലെയിന്‍ റോഡില്‍ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകള്‍ മാറി കയറി ജയ്സിയുടെ ഫ്ലാറ്റില്‍ എത്തുകയായിരുന്നു.
സിസിടിവിയില്‍ മുഖം പതിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു അയാള്‍ മുഴുവൻ സമയവും സഞ്ചരിച്ചിരുന്നത് തുടർന്ന് 10.20 മണിക്ക് ശേഷം അപ്പാർട്ട്മെന്‍റിലെത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന മദ്യം ജയ്സിയുമൊത്ത് കഴിക്കുകയും മദ്യലഹരിയില്‍ ആയിരുന്ന ജയ്സിയെ ബോഡി മസാജ് ചെയ്യുന്നതിന് വേണ്ടി വിവസ്ത്രയാക്കി കമിഴ്ത്തി കിടത്തുകയും ശേഷം പ്രതി ബാഗില്‍ കരുതിയിരുന്ന ഡംബ് ബെല്‍ എടുത്ത് ജേഴ്സിയുടെ തലയ്ക്ക് പലവട്ടം അടിക്കുകയും ചെയ്തു. നിലവിളിക്കാൻ ശ്രമിച്ച ജേഴ്സിയുടെ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും
ചെയ്തു. തുടർന്ന് മരണം ഉറപ്പാക്കിയ പ്രതി ആത്മഹത്യ എന്നു വരുത്താനായി ബോഡി വലിച്ചുനിലത്തിട്ട് ബാത്റൂമിലേക്ക് എത്തിച്ചു. അതിനു ശേഷം ശരീരത്തിലെ രക്തം കഴുകി കളഞ്ഞു. സ്വന്തം വസ്ത്രം മാറിയതിനു ശേഷം ജയ്സിയുടെ കൈകളില്‍ നിന്ന് രണ്ട് സ്വർണ വളകളും ജെയ്സിയുടെ രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഫ്ലാറ്റിന്‍റെ വാതില്‍ അവിടെയുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് പുറത്ത് നിന്ന് പൂട്ടിയശേഷം ഈ താക്കോലുമായും പ്രതി മറ്റൊരു വഴിയിലൂടെ ഒരു ഓട്ടോറിക്ഷയില്‍ കയറി വീണ്ടും പൈപ്പ് ലൈൻ ജംഗ്ഷനില്‍ എത്തി അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കും എടുത്ത് രക്ഷപ്പെടുകയായിരുന്നു.
ഫോണ്‍ കോളുകള്‍ വഴി പോലീസ് അന്വേഷണം നടത്തും എന്നതിനാല്‍ ഫോണില്‍ ബന്ധപ്പെടാതെ നേരിട്ട് ഫ്ലാറ്റില്‍ എത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇക്കാര്യം പ്രതി കദീജയെ അറിയിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളില്‍ അപ്പാർട്ട്മെന്‍റിനും പരിസരത്തും വെളുപ്പിനെയും മറ്റും വന്ന് പ്രതി പോലീസിന്‍റെ നീക്കങ്ങളെക്കുറിച്ച് അറിയാൻ ശ്രമിച്ചിരുന്നു. കേസ് റിപ്പോർട്ട് ആയ ഉടന്‍ തന്നെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ ഡിസിപി കെ.എസ്.സുദർശനന്‍റെ നിർദ്ദേശ പ്രകാരം തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ബേബി പി എ, കളമശേരി ഇൻസ്പെക്ടർ ലത്തീഫ് എംബി എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കൃത്യം നടന്ന ഞായറാഴ്ച മുതല്‍ രാവും പകലും ഇല്ലാതെ നടത്തിയ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണത്തിന് ഒടുവിലാണ് ഏഴാം ദിവസം പ്രതികള്‍ പിടിയിലായത്.
Kalamasery police have arrested two persons in connection with the murder of a woman who lived alone.