കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. കേന്ദ്ര സർക്കാരിൻറെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ് സംസ്ഥാനത്ത് സർവീസ് നടത്താൻ ഒരുങ്ങുന്നത്. നവംബർ 11 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇതിൻ്റെ ആദ്യ സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ഇതിൻറെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്ലാൻഡ് കാനഡ’ എന്ന സീപ്ലെയിൻ ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഫ്ളാഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ് നടത്തുക. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻറെ നേതൃത്വത്തിൽ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം ഒരുക്കും.
നവംബർ 10ന് ഉച്ചയ്ക്ക് രണ്ടിനാണ് ‘ഡിഹാവ്ലാൻഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നത്. തുടർന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30ന് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തിക്കുന്നതാണ്. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിൻറെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി അറിയിച്ചു. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഈ പദ്ധതി ഊർജ്ജമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിൻ സർവീസുകളിലൂടെ സാധിക്കുകയും ചെയ്യും. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാനും അനുഭവവേദ്യ ടൂറിസത്തിൻറെ ഭാഗമാകാനും സഞ്ചാരികൾക്ക് ഇതിലൂടെ അവസരമൊരുങ്ങും.
സ്വിറ്റ്സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്ജെറ്റും ചേർന്നാണ് ഡിഹാവ്ലാൻഡ് കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുക. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിന് ശേഷമാണ് വിമാനം കേരളത്തിലേക്ക് എത്തുന്നത്. സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡിഹാവ്ലാൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി നേരത്തെ സ്ഥലങ്ങൾ സന്ദർശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും ഊർജ്ജിതമാക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി. യാത്രാ സമയത്തിലും ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താൻ ഇതിലൂടെ സാധിക്കും. ജലാശയങ്ങളുടെ നാടായ കേരളത്തിൽ സീപ്ലെയിൻ പദ്ധതിക്ക് വലിയ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനാകുമെന്നാണ് കരുതുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക.
Seaplane Service comes with a new impetus to the tourism sector of the state. Now let's fly in the water.