കൊച്ചി : (piravomnews.in) ഹൈക്കോടതി അഭിഭാഷകനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കളമശേരി സ്വദേശികളായ അഡ്വ. എച്ച് നുജുമുദീനെയും ഭാര്യ റസീനയെയും ആക്രമിച്ച കേസിൽ പള്ളുരുത്തി പെരുമ്പടപ്പ് നമ്പിശേരിപറമ്പ് ജസ്റ്റിൻ (23), കടവന്ത്ര ചിലവന്നൂർ കുളങ്ങരത്തറ വിഷ്ണു ബോബൻ (24) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധൻ രാത്രി 9.30 ഓടെയാണ് സംഭവം. എറണാകുളം ബാനർജി റോഡിലുള്ള ഓഫീസിൽനിന്ന് ഇറങ്ങുകയായിരുന്നു അഭിഭാഷകനും ഭാര്യയും രണ്ട് മക്കളും. ആദ്യം പുറത്തിറങ്ങിയ ഭാര്യയെയും മകളെയും ഇതുവഴിയെത്തിയ അഞ്ചംഗസംഘം അസഭ്യം പറഞ്ഞു.
മകളെ പിന്നിലേക്ക് മാറ്റിനിർത്താൻ ശ്രമിച്ചതോടെ പ്രതികൾ യുവതിയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ അഭിഭാഷകനെ ക്രൂരമായി ആക്രമിച്ചു. നിലത്തുവീണ നുജുമുദീന്റെ ശരീരത്തിൽ കല്ലുകൊണ്ട് ഇടിക്കുകയും തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കാനും ശ്രമിച്ചു.
യാത്രക്കാർ ഇടപെട്ടതോടെയാണ് പ്രതികൾ പിൻവാങ്ങിയത്. നാട്ടുകാർ ചേർന്ന് രണ്ടുപേരെ സംഭവസ്ഥലത്ത് തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
മൂന്നുപേർ ഓടിരക്ഷപ്പെട്ടു. നുജുമുദീനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണെന്ന് സെൻട്രൽ എസ്‌എച്ച്‌ഒ അനീഷ് ജോയി പറഞ്ഞു.
Two #persons were #arrested in the case of #attacking a #lawyer and his #family