മൂവാറ്റുപുഴ : (piravomnews.in) രാജ്യാന്തര നിലവാരത്തിൽ നിർമാണം പൂർത്തിയായെങ്കിലും കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ.
വീതി കുറഞ്ഞ കക്കടാശേരി പാലത്തിന്റെ ഇരുവശവും നടപ്പാത നിർമിക്കണമെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം നടപ്പായില്ല. 6.30 മീറ്റർ മാത്രം വീതി ഉള്ള പാലത്തിലെ ഗതാഗതം റോഡ് നവീകരണത്തിനു ശേഷം കൂടുതൽ ദുഷ്ക്കരമായി.
അപകടവും വർധിച്ചു. പാലത്തിലൂടെയുള്ള കാൽനട യാത്രയാണ് കൂടുതൽ അപകടകരം. ആറര പതിറ്റാണ്ടു മുൻപു നിർമിച്ച പാലത്തിന് റോഡ് നവീകരണത്തിന്റെ ഭാഗമായി നടപ്പാലം നിർമിക്കുന്നതിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും അവസാന നിമിഷം ഒഴുവാക്കുകയായിരുന്നു.
68 കോടി രൂപ അനുവദിച്ച റോഡിന്റെ നിർമാണം മൂന്നു മാസം മുൻപാണ് പൂർത്തിയായത്. കക്കടാശ്ശേരി-കാളിയാർ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ഡിപിആർ തയാറാക്കുന്ന സമയത്ത് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നതാണ്.
നിലവിലുള്ള പാലത്തിൽ കാൽനട യാത്രക്കാർക്കായി സ്റ്റീൽ ഫുട് ബ്രിജ് നിർമിക്കാനായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് റോഡ് നിർമാണത്തിൽ നിന്ന് കാൽനടപ്പാത ഒഴിവാക്കി.
റോഡിൽ അപകടങ്ങൾ ഒഴിവാകാനും കാൽനടയാത്രക്കാരുടെ ജീവനു ഭീഷണിയാകാതിരിക്കാനും പാലത്തിൽ നടപ്പാത കാലതാമസം കൂടാതെ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The #Kakatassery #bridge where the #Kakatassery - #Kaliyar #road starts is at the old #Kolam