പിറവം : (piravomnews.in) വാഴക്കൃഷിയിൽ പുതിയ ഇനമായ മഞ്ചേരിക്കുള്ളൻ ഇനത്തിനു ജില്ലയുടെ കിഴക്കൻ മേഖലയിലും വേരോട്ടം.

കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുപ്പു പൂർത്തിയാകുന്നതും പരിപാലന ചെലവു കുറവുമാണു മഞ്ചേരിക്കുള്ളൻ വാഴയുടെ പ്രത്യേകത. മലബാർ മേഖലയിൽ കൃഷി സജീവമായുള്ളതിനാലാണു മഞ്ചേരിക്കുള്ളൻ എന്ന പേരു വീണതെന്നാണു പറയപ്പെടുത്.
പരമ്പരാഗത നാടൻ നേന്ത്ര ഇനങ്ങളുടെ വിത്തുകൾ നഷ്ടപ്പെട്ടതോടെ ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വാഴക്കന്നുകളാണ് മധ്യകേരളത്തിലെ കൃഷിയിടങ്ങളിൽ വ്യാപകം. സ്വർണമുഖി, ക്വിന്റൽ ഇനങ്ങളാണു തമിഴ്നാട്ടിൽ നിന്നു ലഭിക്കുന്നവയിൽ ഏറെയും.
വിളവെടുപ്പ് പൂർത്തിയാകാൻ 1 വർഷം വരെ കാത്തിരിക്കണം. 25 കിലോഗ്രാം വരെ തൂക്കം ലഭിക്കുന്നതിനാൽ ഇത്തരം വാഴക്കുലകൾ വിറ്റഴിക്കുന്നതിനും ചില സമയത്തു ബുദ്ധിമുട്ടുണ്ട്. മഴയോടൊപ്പം കാറ്റ് അതിജീവിക്കുന്നതിനു താങ്ങു നൽകുന്നതുൾപ്പെടെ തടസ്സങ്ങൾ വേറെയും.
അതേസമയം മഞ്ചേരിക്കുള്ളൻ വാഴക്കന്നു നട്ട് 5 മാസം കഴിയുമ്പോഴേക്കും കുല എത്തും. എട്ടാം മാസം വിളവെടുപ്പു നടത്താം. 10 കിലോഗ്രാം വരെ തൂക്കമുള്ള കുലകൾ ലഭിക്കുന്നതിനാൽ വിറ്റഴിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് ഉൗരമന ശിവലിയിലെ കർഷകൻ കെ.പി. എൽദോസ് പറഞ്ഞു.
വാഴയുടെ ഉയരം കുറവായതിനാൽ ഒരു കുഴിയിൽ 2 വിത്തുകൾ നടാം. താങ്ങു നൽകേണ്ട ആവശ്യം ഇല്ല. വള പ്രയോഗവും കുറച്ചു മതി. വയനാട് മുട്ടിൽ ഭാഗത്തു നിന്നാണു വാഴവിത്തു വാങ്ങിയത്.
80 സെന്റ് സ്ഥലത്തു 400 വിത്തുകൾ നടാനായി. വാഴയുടെ പ്രത്യേകത തിരിച്ചറിഞ്ഞു വിത്തിനും കുലയ്ക്കും ആവശ്യക്കാർ ഏറെ ഉള്ളതായി എൽദോസ് പറഞ്ഞു.
The new star of the #banana #plantation; #Mancherikullan: #Harvest can be done in the #eighth #month
