കഥ; ഗിരിജാക്ക

കഥ; ഗിരിജാക്ക
Jun 28, 2024 06:38 PM | By mahesh piravom

കഥ..... ഗിരിജാക്ക

പ്രസിദ്ധമായ ഈ മനോരാേ ഗാശുപത്രിയിൽ അഴികൾക്കു പിന്നിൽ ഒറ്റമുറിയിലെ കട്ടിലിലിരുന്ന് ഞാനീ കഥയെഴുതുമ്പോൾ നിങ്ങളൊക്കെ നല്ല ഉറക്കത്തിലായിരിക്കും. കുറെ നാളായി എൻ്റെ ഉറക്കമില്ലാത്ത രാത്രികളിൽ ഞാനിതാഗ്രഹിക്കുന്നു. ദിവസവും പരിശോധനയ്ക്കായി ദിലീപ്ഡോക്ടർ വരുമ്പോൾ കുറെ കടലാസ്സും പേനയും ആവശ്യപ്പെടാൻ തുടങ്ങിയിട്ടും ദിവസങ്ങളായി. ഇന്നാണ് അദ്ദേഹത്തിന് മനസ്സലിവുണ്ടായത്. മറ്റുരോഗികളിൽനിന്ന് വ്യത്യസ്തമായി എനിക്ക് പ്രത്യേകം കാവലുണ്ട്. കാരണം, ഞാനൊരു കൊലപാതകിയാണെന്ന് എല്ലാവരും പറയുന്നു; വിശ്വസിക്കുന്നു! ഒന്നോർക്കണം, കഷ്ടിച്ച് ഇരുപത് വയസ്സാണ് എൻ്റെ പ്രായം. സത്യം പറഞ്ഞാൽ ഇവർ പറയുന്നതൊന്നും എൻ്റെ ഓർമ്മയിലുള്ള കാര്യമേയല്ല. ഞാനത് ചെയ്തെന്ന് എനിക്ക് വിശ്വാസവുമില്ല. പക്ഷേ, തെളിവുകളും സാക്ഷികളുമൊക്കെ എനിക്കെതിരാണത്രേ! ഇതിലൊക്കെ വിചിത്രമായ കാര്യം ഞാൻ കൊന്നത് എന്നെ വളരെയേറെ സ്നേഹിച്ചിരുന്ന ഗിരിജാക്കയെ! എൻ്റെ അമ്മാവൻ്റെ മകൾ!

എന്നേക്കാൾ നാലഞ്ചു വയസ്സുമൂപ്പുള്ള, കുട്ടിക്കാലംമുതൽ എന്നെ ഒക്കത്തെടുത്തുനടന്ന എൻ്റെ ഗിരിജാക്കയെ !!! അമ്മയുടെ ഒരേയൊരാങ്ങളയാണ് കൃഷ്ണമാമൻ. മാമൻ വലിയ വക്കീലാണ്. അദ്ദേഹത്തിൻ്റെയും വിമലമാമിയുടെയും ഏകമകളാണ് ഗിരിജാക്ക. എനിക്ക് രണ്ടുവയസ്സുള്ളപ്പോൾ എൻ്റെ അപ്പാ ഒരപകടത്തിൽ മരിച്ചു. അതിനുശേഷം അമ്മയെയും എന്നെയും സംരക്ഷിച്ചതും എന്നെ പഠിപ്പിച്ചതും മാമനാണ്. മാമിക്കും ഗിരിജാക്കയ്ക്കും അതിൽ ഒരെതിർപ്പും ഉണ്ടായിരുന്നില്ല. അക്കാ ഡിഗ്രിവരെ പഠിച്ച് പഠനം നിറുത്തി. ചെറുപ്പംമുതൽ പഠിച്ച നൃത്തത്തോടായിരുന്നു അക്കായ്ക്ക് താത്പ്പര്യം. മാമനും മാമിക്കും അക്കാ പറയുന്നതിനപ്പുറം ഒന്നുമില്ല. ഇപ്പോൾ ഗിരിജാക്കയ്ക്ക് ഇരുപത്തഞ്ചു വയസ്സുകഴിഞ്ഞു. വിവാഹാലോചനകൾ ധാരാളം വരുന്നുണ്ട്. പക്ഷേ, സൗരയൂഥത്തിലെങ്ങോ കിടക്കുന്ന ചൊവ്വഗ്രഹം അക്കായുടെ വിവാഹാലോചനകൾ മുടക്കി! ഒരേ അഗ്രഹാരത്തിലെ അടുത്തടുത്ത വീടുകളിലാണ് ഞങ്ങളും മാമനും താമസം.എങ്കിലും ഞാനും അമ്മയും കൂടുതൽ സമയവും മാമൻ്റെ വീട്ടിലാണ്. "ഡാ!, ലൈറ്റണച്ച് കിടന്നുറങ്ങ്. ബാക്കി നാളെ എഴുതാം ". ശബ്ദം കേട്ട് ഞാൻ തലയുയർത്തിനോക്കി. ഹോസ്പിറ്റലിലെ സെക്യൂരിറ്റിയാണ്, സുരേന്ദ്രൻ. അയാൾ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ വലിയ കുഴപ്പമാണ്. പലപ്പോളും അയാളുടെ കൈയിലുള്ള നീളൻവടിയുടെ ചൂട് ഞാനറിഞ്ഞിട്ടുണ്ട്. ഇവിടെയുള്ള രോഗികളെല്ലാം അയാളുടെ അടിമകളാണെന്നാണ് വിചാരം! പറഞ്ഞതനുസരിച്ചില്ലെങ്കിൽ അടി ഉറപ്പ്. ഡോക്ടർക്ക് ഇതൊക്കെയറിയാമെങ്കിലും അറിഞ്ഞമട്ട് കാണിക്കില്ല. ആരെങ്കിലും പരാതിപറഞ്ഞാൽ അവരെ ബോധ്യപ്പെടുത്താൻവേണ്ടി അയാളെ വിളിച്ച് വഴക്കുപറയും. കാര്യങ്ങൾ വീണ്ടും പഴയതുപോലെ തുടരും. ഞാൻ എഴുതിക്കൊണ്ടിരുന്ന പേപ്പർ മടക്കിവെച്ച്, ലൈറ്റണച്ച് കിടന്നു. ഉറക്കം വരുന്നില്ല. ചിന്തകൾ ഗിരിജാക്കയെ വട്ടമിട്ടുപറക്കുന്നു.

അക്കാ മരിച്ചു എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ ഇവിടെ അഡ്മിറ്റാക്കി നാലഞ്ചുദിവസം കഴിഞ്ഞ് അമ്മ എന്നെക്കാണാൻവന്നു. "നീയെന്തിനാടാ മഹാപാപീ, ആ കൊച്ചിനോടിങ്ങനെ ചെയ്തത്? ഒന്നൂല്ലേലും നിന്നെ ഒക്കത്തെടുത്ത് വളർത്തിയതല്ലേ? അവളോട് ഈ അതിക്രമം ചെയ്യാനും കൊല്ലാനും നിനക്കെങ്ങനെ മനസ്സ് വന്നെടാ?" മറുപടി പോലും പ്രതീക്ഷിക്കാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ തിരികെപ്പോയി. അങ്ങനെയാണ് ഗിരിജാക്ക കൊല്ലപ്പെട്ടു എന്നു ഞാനുറപ്പിച്ചത്. അശ്ലീലപുസ്തകം വായിച്ച് ഭ്രാന്തനായ ഞാൻ അക്കായെ ബലാൽസംഗം ചെയ്ത് കൊന്നു എന്നാണ് കേസ് ! തെളിവുകളും സാക്ഷികളുമൊക്കെ എനിക്കെതിരാണത്രേ! മനോനില തെറ്റിയതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാൽ ചികിത്സയ്ക്കായി ഇവിടെ എത്തിച്ചതാണ്. അക്കാ മരിച്ചു എന്നുപറയുന്ന ദിവസം ഞാനവിടെയുണ്ടായിരുന്നു എന്നെനിക്കറിയാം.

അന്ന് മാമനും മാമിയും അമ്മയുംകൂടെ ചോറ്റാനിക്കരയിൽ തൊഴാൻ പോയിരുന്നു. ഞാനും അക്കായുംമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പിന്നെയുള്ളതൊന്നും എൻ്റെ ഓർമ്മയിലില്ല! പിന്നീട് പോലീസുകാർ എൻ്റെ ശരീരത്തിൽ നടത്തിയ മർദ്ദനമുറകളും കോടതികയറ്റവുമൊക്കെ അവ്യക്തമായി ഓർക്കുന്നുണ്ട്. പതിവുപോലെ ഓർമ്മകളെ തിരികെപ്പിടിക്കാൻ ശ്രമിച്ച് എപ്പോളോ ഉറങ്ങി. രാവിലെ ഭക്ഷണവുമായി രേണുകസിസ്റ്റർ വന്നുവിളിക്കുമ്പോളാണ് ഉണർന്നത്. ഇവിടെ ഡോക്ടർ കഴിഞ്ഞാൽ എന്നോട് അല്പമെങ്കിലും സ്നേഹമായി പെരുമാറുന്നത് ഈ സിസ്റ്റർമാത്രമാണ്. മറ്റുള്ളവരൊക്കെ ഒരു ക്രൂരമൃഗത്തെ കാണുന്നതുപോലെയാണ് നോക്കുന്നത്. "മോനുണർന്നോ? വേഗം റെഡിയായിക്കോ, ഇന്ന് ഷോക്കുണ്ട്." ആഴ്ചയിൽ രണ്ടുദിവസം ഷോക്ക്ട്രീറ്റുമെൻ്റുണ്ട്. ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ടേബിളിൽ അനങ്ങാൻ കഴിയാത്തവിധം ബന്ധിച്ച്, വായിൽ ഒരു പ്ലേറ്റ് തിരുകിവെച്ച്, തലയിലുറപ്പിച്ച ഒരു ഉപകരണത്തിലൂടെ തലച്ചോറിലേക്ക് വിദ്യുച്ഛക്തി കടത്തിവിടുമ്പോൾ ഉണ്ടാകുന്ന വേദന നിങ്ങളനുഭവിച്ചിട്ടുണ്ടോ? ഉണ്ടാവില്ല. സഹിക്കാൻപറ്റില്ല മാഷേ! ആദ്യം ചെറിയതോതിൽ തുടങ്ങും; പിന്നീട് ഫാനിൻ്റെ റെഗുലേറ്റർ തിരിക്കുന്നതുപോലെ ഒരുകൂട്ടലാണ്. തലയ്ക്കകത്ത് എന്തൊക്കെയോ പൊട്ടിച്ചിതറുന്ന അനുഭവമാണ്. യന്ത്രം ഓഫ് ചെയ്താലും കുറെ സമയത്തേക്കുകൂടെ ആ വേദനയുണ്ടാകും. "എണീക്കെടാ! വേഗം കക്കൂസിലൊക്കെ പോയിട്ട് റെഡിയാക്. ഇന്നുനിന്നെ സുഖിപ്പിക്കുന്ന ദിവസമാ." സുരേന്ദ്രൻ്റെ ശബ്ദമാണ്. ഇയാൾക്കെന്താണോ എന്നോടിത്ര ദേഷ്യം? തരം കിട്ടിയാൽ അയാളെന്നെ ഉപദ്രവിക്കും. കൊലക്കേസ്പ്രതിയായതിനാൽ റൂമിൽ എടുത്തുപെരുമാറാൻ പറ്റിയ സാധനങ്ങളൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ.. ഞാൻ പെട്ടെന്നെഴുനേറ്റ് മുഖം കഴുകി. വാഷ്ബേസിന് ഒരിളക്കമുണ്ട്. ടാപ്പ് തുറക്കുമ്പോളും അടയ്ക്കുമ്പോളും കിടുങ്ങും. ടോയിലറ്റിൽ കയറി പ്രഭാതകൃത്യങ്ങൾ നടത്തി തയ്യാറായി. ഷോക്ക്റൂമിൽനിന്ന് ഒരു സ്ട്രക്ചറിലാണ് റൂമിലെത്തിച്ചത്. എനിക്ക് ബോധംവീഴാൻ വൈകുന്നേരംവരെ സമയമെടുത്തു. വൈകിട്ട് രേണുകസിസ്റ്റർ കൊണ്ടുത്തന്ന ചായ കുടിക്കുമ്പോളും എൻ്റെ മനസ്സിൽ ഗിരിജാക്കയായിരുന്നു. ചിലപ്പോൾ തോന്നും, രേണുകയ്ക്ക് ഗിരിജാക്കയുടെ ഛായയുണ്ടെന്ന്. വെറുതേ തോന്നുന്നതാണ്. ദിവസങ്ങൾ കഴിയുംതോറും എൻ്റെ സ്മൃതികോശങ്ങൾ കൂടുതൽ വ്യക്തതയാർജ്ജിക്കാൻ തുടങ്ങി. ആ ദിവസം ഓർത്തെടുക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരുന്നു. എന്തോ കാര്യത്തിനായി ഞാൻ ഗിരിജാക്കയുടെ മുറിയിൽ ചെന്നു. അക്കാ ഏതോ മാസിക വായിച്ചുകൊണ്ടിരിക്കുന്നു. എന്നെ കണ്ടയുടൻ അക്കാ വായിച്ചുകൊണ്ടിരുന്ന മാസിക തലയിണയ്ക്കടിയിൽ ഒളിപ്പിച്ചു. അത് പതിവില്ലാത്തതാണ്. മൂന്നോ നാലോ ആഴ്ചപ്പതിപ്പുകൾ സ്ഥിരമായി അക്കാ വരുത്തുന്നുണ്ട്. അതൊക്കെ ആദ്യം വായിക്കുന്നത് ഞാനാണ്. പിന്നീടുമാത്രമേ അക്കാ വായിക്കാറുള്ളു. പിന്നെന്താണിങ്ങനെ? "പുതിയ വീക്കിലിയാണോ അക്കാ? ഞാനൊന്നു നോക്കട്ടെ!" "വേണ്ടാ, നീ വായിക്കണ്ട. ഇത് പിള്ളേർക്കുള്ളതല്ല." അക്കായ്ക്ക് ഞാനിപ്പോഴും കുട്ടിയാണ്. എങ്കിലും അതുകേട്ട് എനിക്ക് ദേഷ്യം വന്നു. " മര്യാദയ്ക്ക് തന്നോ, ഇല്ലേൽ ഞാനെടുക്കും". എനിക്കും വാശികയറി. അക്ക ഒളിപ്പിച്ച മാസിക ഞാൻ ബലമായി പുറത്തെടുത്തു. ഗിരിജാക്ക അത് എൻ്റെ കൈയിൽനിന്ന് മേടിക്കാൻ ശ്രമിച്ചു. പിടിവലിയായി. പിന്നീട്...പിന്നീടെന്താ സംഭവിച്ചത്? എത്ര ശ്രമിച്ചിട്ടും ഓർമ്മ വരുന്നില്ല! ദിവസങ്ങൾ പിന്നെയും കടന്നുപോയ്ക്കൊണ്ടിരുന്നു. ദിലീപ്ഡോക്ടർ എൻ്റെ ഓർമ്മയുടെ പുരോഗതി സശ്രദ്ധം വിലയിരുത്തി ചികിത്സയിൽ വ്യത്യാസം വരുത്തി. ഇപ്പോൾ ഷോക്ക് ആഴ്ചയിൽ ഒന്നായിക്കുറച്ചു. ഇന്നും സുരേന്ദ്രൻ എൻ്റെ മുറിയുടെ വാതിൽക്കൽ നിൽപ്പുണ്ട്. അയാളുടെ ഭാഷയിൽ എന്നെ സുഖിപ്പിക്കുന്ന ദിവസം. സമയമായപ്പോൾ അയാൾ പൂട്ടിയിരുന്ന കതക് തുറന്ന് എൻ്റെയടുത്തു വന്നു. "വാ, പോകാം" സ്കൂളിൽ പോകാൻ മടിച്ചുനിൽക്കുന്ന കുട്ടിയെ കൊണ്ടുപോകുന്നതുപോലെ അയാൾ എൻ്റെ കൈയിൽപ്പിടിച്ചുവലിച്ചു. എതിർത്തിട്ട് ഫലമില്ലെന്നറിയാവുന്നതുകൊണ്ട് ഞാൻ അയാളോടൊപ്പം മനസ്സില്ലാമനസ്സോടെ ഷോക്ക്റൂമിലേക്കു നടന്നു. അവിടെ ഡോക്ടറും രേണുകസിസ്റ്ററുമുണ്ടായിരുന്നു. അഞ്ചുമിനിട്ടിൽ കാര്യം കഴിഞ്ഞു. തിരികേ സ്ട്രക്ചറിൽ കിടത്തിയാണ് റൂമിലേക്ക് കൊണ്ടുവന്നത്. രേണുകയും സുരേന്ദ്രനും ചേർന്ന് എന്നെ കട്ടിലിലേക്കു കിടത്തി. ഇടയ്ക്ക് അയാൾ പറഞ്ഞ എന്തോ തമാശകേട്ട് രേണുക ഉറക്കെ ചിരിച്ചു. ആ ചിരി എൻ്റെ ഗിരിജാക്കയുടെ ചിരിപോലെ തോന്നി. അതിലൂടെ എന്നിൽ എവിടെയോ ഉറങ്ങിക്കിടന്ന ഓർമ്മയുണർന്നു. മാസികയ്ക്കു വേണ്ടി പിടിവലി നടത്തിയ ഗിരിജാക്ക പെട്ടെന്ന് അതിൽനിന്ന് പിന്മാറി. കൈയിൽ കിട്ടിയപ്പോൾത്തന്നെ ഞാനത് മറിച്ചുനോക്കി. അതിൽ നിറയെ ഏതൊക്കെയോ സ്ത്രീപുരുഷന്മാരുടെ അശ്ലീലചിത്രങ്ങൾ! ഛേ... ഇതാണോ അക്കാ വായിച്ചുകൊണ്ടിരുന്നത്? എന്തുചെയ്യണമെന്നറിയാതെ ഞാൻ അന്ധാളിച്ചുനിന്നു. അക്കായുടെ മുഖത്തേക്കു നോക്കാൻപോലും എനിക്ക് തോന്നിയില്ല. നോക്കാതെതന്നെ ആ മാസിക അക്കായുടെ നേർക്കെറിഞ്ഞ് ഞാൻ മുറിക്കുപുറത്തേക്കുനടന്നു. " മോനേ! നിക്ക് " അക്കായുടെ വിളികേട്ട് ഞാൻ നിന്നു. എങ്കിലും തിരിഞ്ഞുനോക്കിയില്ല. ലജ്ജയാണോ വെറുപ്പാണോ എന്നിലുണ്ടായതെന്നറിയില്ല. പുറകിൽ വന്നുനിന്ന അക്കായുടെ ചൂടുള്ള നിശ്വാസവായു എൻ്റെ കഴുത്തിൽ അനുഭവപ്പെട്ടു. പെട്ടെന്ന് അക്കായുടെ കൈകൾ എന്നെ വരിഞ്ഞുമുറുക്കി! ഞാൻ സർവ്വശക്തിയുമെടുത്ത് കുതറി. പക്ഷേ, ഭ്രാന്തമായ കരുത്തായിരുന്നു ആ കൈകൾക്ക്. ആ കരുത്തിൽ എൻ്റെ എതിർപ്പിൻ്റെ ശക്തി കുറഞ്ഞുവന്നു. നിമിഷങ്ങൾ... നിമിഷങ്ങൾ കൊഴിഞ്ഞുവീണു. കട്ടിലിൽ തളർന്നുവീണ എൻ്റെ ബോധത്തെ ഉണർത്തിയത് ഈ ചിരിയായിരുന്നു. വെറുംചിരിയല്ല; പൊട്ടിച്ചിരി! എൻ്റെയടുത്തിരുന്ന് ഗിരിജാക്ക നിറുത്താതെ ചിരിക്കുന്നു. ഞാൻ ഭയന്നുപോയി! അഗ്രഹാരമാണ്, തൊട്ടടുത്തൊക്കെ താമസക്കാരുണ്ട്. അവർ കേട്ടാൽ ആകെ കുഴപ്പമാകും. ഞാനെത്ര വിലക്കിയിട്ടും അക്കാ ചിരി നിറുത്തുന്നില്ല. പെട്ടെന്ന് ഞാനവരുടെ വായ് പൊത്തിപ്പിടിച്ചു. ഇരുകൈകളും ആ മുഖത്ത് ശക്തയോടെ അമർത്തി. ആ ചിരി നിറുത്തുക മാത്രമായിരുന്നു എൻ്റെ ലക്ഷ്യം. നിമിഷങ്ങൾക്കകം ആ ചിരി നിന്നു. ഒപ്പം ആ ചേതനയും.! എന്തുചെയ്യണമെന്നറിയാതെ ഞാൻ അല്പനേരംകൂടി അവിടെയിരുന്നു. സാവധാനം ഗിരിജാക്കയുടെ മുഖത്തേയ്ക്ക് നോക്കി. ആ കണ്ണുകൾ തുറിച്ചിരുന്നു. അത് എൻ്റെ മുഖത്തേക്കുതന്നെ നോക്കുന്നു. ഭീകരമായിരുന്നു ആ കാഴ്ച! അത്യധികം ഭയപ്പെട്ട് ഞാനിറങ്ങിയോടി. വീട്ടിലെത്തി ഒരു കട്ടിലിൻ്റെ അടിയിൽക്കയറി ചുരുണ്ടുകൂടിക്കിടന്നു. മണിക്കൂറുകൾ അങ്ങനെ കിടന്നിട്ടുണ്ടാകണം, പുറത്ത് എന്തൊക്കെയോ ബഹളം കേൾക്കുന്നു. ആരുടെയൊക്കെയോ കരച്ചിൽ.., നിലവിളി... അടുത്തുവരുന്ന പാദപതനശബ്ദങ്ങൾ! ആരോ എന്നെ കട്ടിലിൻ്റെ അടിയിൽനിന്ന് വലിച്ചുപുറത്തേക്കിട്ടു. കാക്കിയിട്ട കൈക്കരുത്ത് എൻ്റെ ശരീരത്തിൽ നിർദ്ദാക്ഷിണ്യം പ്രഹരങ്ങളേൽപ്പിച്ചുകൊണ്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർക്കാൻ കഴിഞ്ഞില്ല. കരച്ചിലും ചിരിയും മാറിമാറി എന്നിൽനിന്ന് പുറത്തുവന്നു. അമ്മയെക്കാണാതെ ഞാൻ കരഞ്ഞു. ഗിരിജാക്കയെ വിളിച്ചും ഞാൻ വിലപിച്ചു. എൻ്റെ ബോധമണ്ഡലത്തിൻ്റെ വ്യാപ്തി കുറഞ്ഞുകുറഞ്ഞില്ലാതായി. വീണ്ടും അതേചിരി!! ഗിരിജാക്കയുടെ ചിരി! എൻ്റെ മുറിയിൽനിന്നാണത് കേൾക്കുന്നത്! ഷോക്കേറ്റ് കട്ടിലിൽ തളർന്നുകിടക്കുന്ന അവസ്ഥയിലും ആ ചിരി എന്നിൽ ഊർജ്ജം നിറച്ചു. ഞാൻ ചെവിയോർത്തു. എവിടെയാണ് അതിൻ്റെ ഉറവിടം? മനസ്സിലായി. മുറിയോടുചേർന്നുള്ള ബാത്ത്റൂമിൽനിന്നാണ്. എന്തൊക്കെയോ പിറുവിറുക്കുന്ന സുരേന്ദ്രൻ്റെ ശബ്ദം! അതുകേട്ട് ഇളകിച്ചിരിക്കുന്ന ഗിരിജാക്കയുടെ ശബ്ദം! ഞാൻ സാവധാനം എഴുന്നേറ്റുനടന്നു. വാഷ്ബേസിനിൽ മുഖംകഴുകി. ഇളക്കമുള്ള വാഷ്ബേസിൻ ഇപ്പോൾ എൻ്റെ കൈയിലുണ്ട്. ബാത്ത്റൂമിൽനിന്ന് ആ ചിരി വീണ്ടും മുഴങ്ങി! ഇന്ന് ഞാനാകെ അസ്വസ്ഥനാണ്. എഴുതിക്കൊണ്ടിരുന്ന പേപ്പറുകളും പേനയും കാണുന്നില്ല. എൻ്റെ മുറിയും ഇതല്ല. തന്നെയുമല്ല, എന്നെ കൈവിലങ്ങിട്ട് കട്ടിലിൽ ബന്ധിച്ചിരിക്കുന്നു. "സിസ്റ്ററേ! രേണുകാസിസ്റ്ററേ!!" ഞാനുറക്കെ വിളിച്ചുകരഞ്ഞു. എൻ്റെ വിളികേട്ട് ആരൊക്കെയോ ഓടിവരുന്ന ശബ്ദം കേട്ടു. ഓടിക്കൂടിയവരിൽ രണ്ടുപേർ ഈ ഹോസ്പിറ്റലിലെ ജോലിക്കാരാണ്. രണ്ടു പോലീസുദ്യോഗസ്ഥരും. "വീട്ടിലൊന്നിനെ കൊന്നതു പോരാഞ്ഞിട്ടാണോടാ ഇവിടെയും രണ്ടെണ്ണത്തിനെ തട്ടിയത്? മിണ്ടാതെ കിടന്നോ.. അല്ലേൽ ഹോസ്പിറ്റലാണെന്നൊന്നും നോക്കില്ല. കൊന്നുകളയും റാസ്കൽ!" പച്ചത്തെറിയുടെ അകമ്പടിയോടെ പോലീസുകാരിലൊരാൾ ഗർജ്ജിച്ചു. "സിസ്റ്ററേ! രേണുകാസിസ്റ്ററേ!!" ആകെ ഭയന്നുപോയ ഞാൻ വീണ്ടുംവീണ്ടും വിളിച്ചുകൊണ്ടിരുന്നു.

രചന - ഹരിപ്പാട് ശ്രീകുമാർ.

story Girijakka

Next TV

Related Stories
കവിത..... സിദ്ധാർത്ഥൻ

Jun 30, 2024 05:32 PM

കവിത..... സിദ്ധാർത്ഥൻ

ഒന്നിച്ചുറങ്ങിയോരൊന്നിച്ചുണ്ടവർ നഗ്നനാക്കി...

Read More >>
കഥ; ഇരുട്ടുമുറി

Jun 30, 2024 05:24 PM

കഥ; ഇരുട്ടുമുറി

അങ്ങിനെയുള്ളൊരുദിവസം അവൾ കാമുകനുമായി സല്ലപിച്ചിരിക്കുമ്പോൾ ആരോ വാതിലിൽമുട്ടി. ഉടനെയവൾ കാമുകനെ...

Read More >>
കഥ;ഒരു വോട്ട് കൈവിട്ടുപോയി

Jun 29, 2024 08:01 PM

കഥ;ഒരു വോട്ട് കൈവിട്ടുപോയി

ഇവൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതേ അടവെടുത്തതാണ്. പ്രവർത്തനത്തിൽവന്നതുമില്ല രൂപയാർക്കും കൊടുത്തതുമില്ല. ഇപ്രാവശ്യമതു വേണ്ട. ഞങ്ങൾ നാലഞ്ചു പേരു...

Read More >>
കവിത;മതേതരത്വം

Jun 29, 2024 07:52 PM

കവിത;മതേതരത്വം

മണ്ണിൽ മനുഷ്യൻ പിറന്നു വിണ്ണിൽ മർത്യനാൽ സ്വർഗ്ഗം പണിഞ്ഞു.. സർവ്വചരാചര ജീവപ്രപഞ്ചം ആത്മഹർഷത്താൽ നിറഞ്ഞു ........

Read More >>
കവിത; ലയനം

Jun 28, 2024 06:26 PM

കവിത; ലയനം

കവിത; ലയനം... രചന...

Read More >>
കവിത; അത് മാത്രം മതി

Jun 27, 2024 06:58 PM

കവിത; അത് മാത്രം മതി

കണ്ണന്റെ മൗലിയിൽ ആടിക്കളിയ്ക്കുന്ന മയീൽപ്പീലിയാവാനെനിയ്ക്കു...

Read More >>
Top Stories