---
title: "#tiger | വഴിത്തല മേഖലകളിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പരക്കുന്നു"
english_title: "There is a #fear that the #tiger has #landed in the main #areas"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204052/there-is-a-fear-that-the-tiger-has-landed-in-the-main-areas"
published_at: "2024-05-08T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b9abc111e4_tiger.jpg"
keywords: []
---

# #tiger | വഴിത്തല മേഖലകളിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പരക്കുന്നു

> **Lead Summary:** **കൂത്താട്ടുകുളം :** മാറിക, വഴിത്തല മേഖലകളിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പരക്കുന്നു.

## Article Content

**കൂത്താട്ടുകുളം :** മാറിക, വഴിത്തല മേഖലകളിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പരക്കുന്നു.

വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്തുനിന്ന്‌ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും വിസർജ്യവും കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മാറിക കോലടി ഭാഗത്തും പുലിയെ കണ്ടതായി പറയുന്നു. എറണാകുളം, ഇടുക്കി ജില്ലകൾ അതിർത്തി പങ്കിടുന്ന ഭാഗങ്ങളാണ് മാറിക, വഴിത്തല പ്രദേശങ്ങൾ. 10 കിലോമീറ്റർ അപ്പുറമുള്ള കരിങ്കുന്നം അഴകുംപാറ ഭാഗത്ത് ഞായറാഴ്ച പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ മാറിക, അമ്പാട്ടുകണ്ടം, വഴിത്തല ഭാഗത്തുള്ളവർ ആശങ്കയിലാണ്.

അഴകുംപാറയിൽ ലില്ലി മാത്യു, സമീപവാസി കല്ലുറുമ്പിൽ ജോമോൻ ജോസഫ് എന്നിവർ കരിങ്കുന്നം പഞ്ചായത്ത് രണ്ടാംവാർഡ് അഴകുംപാറ ഭാഗത്ത് പുലിയെ കണ്ടതായി പറയുന്നു. 2016 ജനുവരിയിൽ മാറിക അമ്പാട്ടുകണ്ടത്ത്‌ വീട്ടുവളപ്പിലെ കിണറ്റിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

മണ്ണാത്തുകട്ടയിൽ ക്ലമന്റിന്റെ വീടിനോടുചേർന്നുള്ള കിണറ്റിലാണ് പുലി വീണത്. രാവിലെ കിണറിലെ വല കീറിക്കിടക്കുന്നതുകണ്ട വീട്ടുകാർ പട്ടി വീണതാകാം എന്ന ധാരണയിൽ മോട്ടോർ ഉപയോഗിച്ച് കിണർ വറ്റിക്കുകയായിരുന്നു.

25 അടിയോളം താഴ്ചയുള്ള കിണറിലെ വെള്ളം വറ്റിച്ചപ്പോഴാണ് വീണത്‌ പുലിയാണെന്ന് വീട്ടുകാർ അറിയുന്നത്. ചത്ത പൂച്ചയേയും കിണറ്റിൽനിന്ന്‌ കിട്ടി.

പൂച്ചയെ പിന്തുടർന്ന് വന്ന പുലി കിണറ്റിൽ വീണതാകാമെന്ന് കരുതുന്നു. മാറിക അമ്പാട്ടുകണ്ടം ഭാഗം വനമേഖലയല്ല. എന്നാലും ഏക്കറുകണക്കിന്‌ റബർ തോട്ടങ്ങളും കുറ്റിക്കാടുകളുമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204052/there-is-a-fear-that-the-tiger-has-landed-in-the-main-areas)