---
title: " #streetlights | നഗരസഭയിൽ തെരുവുവിളക്കുകൾ ഏറെയും കത്തുന്നില്ല;കളമശേരി ഇരുട്ടിൽ"
english_title: "Most of the #street lights are not #burning in the #municipality; #Kalamaseri is in #darkness"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202285/most-of-the-street-lights-are-not-burning-in-the-municipality-kalamaseri-is-in-darkness"
published_at: "2024-05-01T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66318f33430f9_light.jpg"
keywords: []
---

#  #streetlights | നഗരസഭയിൽ തെരുവുവിളക്കുകൾ ഏറെയും കത്തുന്നില്ല;കളമശേരി ഇരുട്ടിൽ

> **Lead Summary:** **കളമശേരി :** നഗരസഭയിൽ തെരുവുവിളക്കുകൾ ഏറെയും കത്തുന്നില്ല. ഇതിന്റെ അറ്റകുറ്റപ്പണിക്ക് കരാറുകാരൻ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

## Article Content

**കളമശേരി :** നഗരസഭയിൽ തെരുവുവിളക്കുകൾ ഏറെയും കത്തുന്നില്ല. ഇതിന്റെ അറ്റകുറ്റപ്പണിക്ക് കരാറുകാരൻ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കരാർ നൽകുമ്പോൾ നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്ന് കൗൺസിലർമാർ പറഞ്ഞു. നഗരസഭാ പരിധിയിൽ ട്യൂബ് ലൈറ്റ്, എൽഇഡി, സോഡിയം വിളക്കുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

സോഡിയം ബൾബുകൾക്ക് വൈദ്യുതി ഉപഭോഗം കൂടുതലായതിനാൽ കഴിഞ്ഞ കരാറുകാലംവരെ ഹൈ ബ്രൈറ്റ് എൽഇഡി ബൾബുകളാക്കി മാറ്റിക്കൊണ്ടിരുന്നു. എന്നാൽ നിലവിലെ കരാറിന് ടെൻഡർ വിളിച്ചപ്പോൾ സോഡിയം ബൾബിന്റെയും എൽഇഡി ലൈറ്റിന്റെയും അറ്റകുറ്റപ്പണി അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ട്യൂബ് ലൈറ്റ് അറ്റകുറ്റപ്പണിക്ക് മാത്രമാണ് ടെൻഡർ വിളിച്ചത്. ഇത് പൊതുമരാമത്ത് വിഭാഗത്തിനും ഉദ്യോഗസ്ഥർക്കും സംഭവിച്ച വലിയ വീഴ്ചയാണെന്ന് കൗൺസിലർമാർ പറഞ്ഞു. ദേശീയപാതയോരത്തും പ്രധാനറോഡുകളിലും കവലകളിലുമാണ് കൂടുതലും സോഡിയം ബൾബുകൾ സ്ഥാപിച്ചിരുന്നത്. ഇതിൽ മിക്കതും മാസങ്ങളായി കത്തുന്നില്ല.

കേടായ എൽഇഡി ലൈറ്റുകളും മാറ്റുന്നില്ല. ട്യൂബ് ലൈറ്റാകട്ടെ വളരെകുറച്ച് എണ്ണമേയുള്ളൂ. ദേശീയപാത ഉൾപ്പെടെ പ്രധാനറോഡുകളിൽ ഇരുട്ടാണ്.

പലതവണ പരാതിപ്പെട്ടിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന്‌ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കൗൺസിലർ റഫീഖ് മരക്കാർ പറഞ്ഞു. പുതിയ കരാർ വെയ്ക്കുന്നത് എളുപ്പമല്ലാത്തതിനാൽ പ്രശ്നം അടുത്തൊന്നും പരിഹരിക്കാനുമിടയില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202285/most-of-the-street-lights-are-not-burning-in-the-municipality-kalamaseri-is-in-darkness)