പള്ളുരുത്തി : (piravomnews.in) നീലവിസ്മയമായി കുമ്പളങ്ങിയില്‍ വീണ്ടും കവരെത്തി. കുമ്പളങ്ങി പടിഞ്ഞാറന്‍ മേഖലയിലെ കായൽപ്പരപ്പിലും തോടുകളിലും രണ്ടുദിവസമായി കവര് കാണാം.

രാത്രിയിൽ കായലിൽ ഇളക്കം തട്ടുമ്പോള്‍ നീല പ്രകാശത്തോടെയാണ് വെള്ളം നീങ്ങുന്നത്. ചില പ്രദേശത്ത് ഫ്ലൂറസെന്റ് പച്ചനിറത്തിലും കവര് കാണാം. ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് നാട്ടിൻപുറങ്ങളിൽ ‘കവര്' എന്ന് അറിയപ്പെടുന്നത്.
ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. പ്രകാശത്തോടൊപ്പം ചൂട് പുറത്തുവിടാത്തതിനാൽ ഇതിനെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കാറുണ്ട്.
നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവദീപ്തിയാണ് കവര് (സീ സ്പാർക്കിൾ) എന്ന ഏകകോശ ഘടനയുള്ള ജീവികൾ.
ഈ ജീവിയുടെ ഗോളാകൃതിയിലുള്ള ആയിരക്കണക്കിന് സൂക്ഷ്മകോശ അംഗങ്ങളിൽ നടക്കുന്ന ല്യൂസിഫെറിൻ- ല്യൂസിഫെറേസ് പ്രവർത്തനത്തിന്റെ (ഓക്സിജനമുമായി പ്രവർത്തിക്കുമ്പോൾ പ്രകാശം പുറപ്പെടുവിക്കൽ) ഫലമായി അതിന്റെ കോശദ്രവ്യത്തിൽ ഉല്‍പ്പാദിപ്പിക്കുന്ന ജൈവദീപ്തിയാണ് കവര്.
മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിക്കുന്നതും ഇതേ പ്രതിഭാസത്തിലൂടെയാണ്. ചെങ്കടലിന്റെ ചുവപ്പുനിറത്തിന് കാരണവും ബയോലൂമിനസെന്‍സ്‌തന്നെ. ചിലയിനം ജെല്ലി ഫിഷുകള്‍, മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചിലയിനം മത്സ്യങ്ങള്‍ എന്നിവക്കും ഈ കഴിവുണ്ട്.
കാണുന്നവർക്ക് അത്ഭുതവും കൗതുകവുമൊക്കെയാണെങ്കിലും ഇവയ്ക്ക് അത് പ്രതിരോധമാർഗംകൂടിയാണ്. ഇണയെയും ഇരയെയും ആകര്‍ഷിക്കാനും ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്.
കടലിനോടുചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസം കൂടുതലായും കാണപ്പെടുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ജീവികൾ മനുഷ്യന് ഉപദ്രവകാരികളല്ല.
വെള്ളത്തിൽ ഉപ്പിന്റെ അളവ് കൂടുന്തോറും ഇതിന്റെ പ്രകാശവും വർധിക്കും. ശക്തിയേറിയ മഴ പെയ്താൽ കവര് വെള്ളത്തിൽ നിന്ന് നശിക്കും. കുമ്പളങ്ങിയിൽ വെള്ളത്തിൽ ഉപ്പ് കൂടുമ്പോള്‍ കൂടുതൽ പ്രകാശത്തിൽ കവര് കാണാൻ സാധിക്കും.
#Kumbalangi came again in a #bluewonder
