തിരുമാറാടി.... തിരുമാറാടിയിൽ അജ്ഞാത ജീവിയുടെ ആക്രമണം,വൃദ്ധക്ക് പരിക്കേറ്റു. പഞ്ചായത്തിലെ എട്ട്, പത്ത് വാര്‍ഡുകളില്‍ ആണ് കുറുനരിയുടെ രൂപസാദൃശ്യമുള്ള അജ്ഞാതജീവിയുടെ ആക്രമണമുണ്ടായത് വയോധികക്ക് പുറമെ വളർത്ത് മൃഗങ്ങളെയും പരിക്കേൽപ്പിച്ചു.

എട്ടാംവാര്‍ഡില്‍ ദേവസ്വംതൊട്ടിയില്‍ വിലാസിനിക്കാണ് (70) പരിക്കേറ്റത്. ചൊവ്വ രാവിലെയാണ് സംഭവം. കൂട്ടില്‍ കയറി ആടുകളെ ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാന്‍ചെന്ന വിലാസിനിയമ്മയെ ജീവി ആക്രമിക്കുകയായിരുന്നു. ഇവരുടെ മൂക്കിനുതാഴെയുള്ള ഭാഗം ഇത് കടിച്ചെടുത്തു. വിലാസിനിയമ്മയുടെ ആറ് ആടുകളും അയല്‍വീട്ടിലെ ആടും ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിലാസിനിയമ്മയെ പിറവം താലൂക്കാശുപത്രിയില്‍ അടിയന്തരചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തുള്ള റെജി അമ്മംകുളത്തില്‍, എരുമേലില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ആടുകള്‍ക്കും കടിയേറ്റു. കരുണാലയം പ്രിന്‍സിന്റെ പൂച്ചയെ കടിച്ചുകൊന്നു. കാക്കൂര്‍ പാണ്ടിപ്പിള്ളില്‍ വര്‍ഗീസിന്റെ പശുവിന് കടിയേറ്റു. കോലാനിക്കല്‍ കെ സി തോമസിന്റെ കോഴിക്കൂടിനുനേരെയും ആക്രമണമുണ്ടായി. അക്രമസ്വഭാവത്തോടെ ആളുകളെ ഓടിക്കുന്ന സംഭവങ്ങളുമുണ്ടായി. തെരവുനായ ആക്രമണമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കുറുനരിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടെത്തുകയായിരുന്നു
Attack by unknown creature in Tirumaradi, old woman injured
