തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാട്യ വിസ്മയം തീർത്ത് അശ്വനി അജയ്. ഹൈ സ്കൂൾ വിഭാഗം ഭരത നാട്യ മത്സരത്തിലാണ് എ ഗ്രേഡുമായി അശ്വനി വേദിയിൽ അരങ്ങ് തകർത്തത്. ഔർ ലേഡീ ഓഫ് മേഴ്‌സി എച്ച് എസ് എസ് പുതുക്കുറിച്ചി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. അവതരണ മികവ് കൊണ്ട് നർത്തകിമാർ ഓരോരുത്തരും നാട്യവേദി കീഴടക്കി. ഭദ്രകാളി വേഷത്തിൽ കാളിദാസന് അനുഗ്രഹം കൊടുത്ത്കൊണ്ടുള്ള നാട്യം ആസ്വദിച്ചു കണ്ടു ജനസാഗരം.
പത്ത് വർഷമായി ഡോ. വിഷ്ണു കലാർപ്പണം, സുൽത്താന നജീബ് എന്നീ ഗുരുക്കന്മാരുടെ കീഴിൽ നൃത്ത കലയിൽ പരിശീലനം നേടുന്നുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യവസരത്തിൽ തന്നെ വിജയം കൊയ്തതിന്റെ സന്തോഷത്തിലാണ് അശ്വനി. ഭരതനാട്യം കൂടാതെ കേരള നടനത്തിലും എ ഗ്രേഡ് നേടിയാണ് അശ്വനി കലോത്സവ വേദിയിൽ നിന്ന് മടങ്ങുന്നത്. കഴക്കൂട്ടം സ്വദേശികളായ അജയ് കുമാർ സിന്ധു വി ദമ്പതികളുടെ മകളാണ്. സഹോദരൻ: അശ്വിൻ അജയ്
Natya Vizmayam as Bhadrakali: Ashwani fills the stage with her costume and make-up