കൊച്ചി : (piravomnews.in) സെന്റർ ഫോർ പെനിൻസുലാർ അക്വാട്ടിക് ജനറ്റിക് റിസോഴ്‌സസിലെ (ഐസിഎആർ- നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്‌സസ്) ഗവേഷകർ ചാലക്കുടിപ്പുഴയിൽനിന്ന് പുതിയയിനം മഞ്ഞക്കൂരിയെ കണ്ടെത്തി.
ഇതിനെ ഹൊറബാഗ്രസ് ഒബ്‌സ്‌ക്യൂറസ് എന്ന് പേര് നൽകി.രാഹുൽ ജി കുമാർ, ചരൺ രവി, എൻ പി കൃഷ്ണപ്രസൂൺ, വി എസ് ബഷീർ എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് മീനിനെ കണ്ടെത്തിയത്.
മഞ്ഞ കലർന്ന തവിട്ടുനിറത്തിലും മെലിഞ്ഞ ശരീരമുള്ളതും ചെറിയബാർബെലുകളും ഹ്യൂമറൽ ബ്ലോട്ടും ഉൾപ്പെടെ തനതായ സ്വഭാവങ്ങളാൽ വ്യത്യസ്തവുമാണ് മീനെന്ന് ഗവേഷകർ പറയുന്നു.408 മില്ലിമീറ്ററോളം നീളത്തിൽ വളരുന്ന ഇവ ജനിതക വിശകലനങ്ങളിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്.
വെറ്റിലപ്പാറയിലെ പ്രാദേശിക മീൻശേഖരണക്കാരനായ ജോർജ് പനങ്കുളവും മീൻ ശേഖരിക്കാൻ സഹായിച്ചു.കരിങ്കഴുത്തൻ മഞ്ഞക്കൂരി എന്നായിരുന്നു മുമ്പ് നാട്ടുകാർ മീനിനെ വിളിച്ചിരുന്നത്. എന്നാൽ, ഈ പഠനത്തോടുകൂടി ഇത് പുതിയയിനം മഞ്ഞക്കൂരിയാണെന്ന് സ്ഥിരീകരിച്ചു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും തുമ്പൂർമുഴി അണക്കെട്ടിനുമിടയിൽ അതിവേഗം ഒഴുകുന്ന വെള്ളത്തിലാണ് ഹൊറബാഗ്രസ് ഒബ്സ്‌ക്യൂറസിനെ കണ്ടെത്തിയത്.
ഇവയുടെ പ്രജനനവും കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പുതിയയിനത്തെക്കുറിച്ചുള്ള പഠനം ഇന്ത്യൻ ജേർണൽ ഓഫ് ഫിഷറീസ് റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
A new #species of #Manjakuri has been #discovered from #Chalakudypuja