ചെന്നൈ : (piravomnews.in) പാമ്പുകടിയേറ്റ കൗമാരക്കാരി എട്ടു കിലോമീറ്റർ അകലെയുള്ള ആശുപത്രിയാത്രയ്ക്കിടെ വഴിയിൽ മരിച്ചു.
ധർമപുരി ജില്ലയിൽ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തിൽ താമസിക്കുന്ന കസ്തൂരിയാണ് (13) അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരിൽ മരണത്തിനു കീഴടങ്ങിയത്.
പാമ്പുകടിയേറ്റ കസ്തൂരിയെ തുണിത്തൊട്ടിലിൽ നാട്ടുകാർ ആശുപത്രിയിലേക്കു കൊണ്ടുവരുകയായിരുന്നു. കുന്നിറങ്ങാൻ രണ്ടുമണിക്കൂറെടുത്തു. അവിടെനിന്നും രണ്ടര കിലോമീറ്റർ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം.
കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയിൽ കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങൾക്കൊപ്പം വീടിനുസമീപം പച്ചിലകൾ പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പുകടിയേറ്റത്.
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കുഗ്രാമമായതിനാൽ വേഗത്തിൽ ആശുപത്രിയിലെത്തിക്കുക വെല്ലുവിളിയായിരുന്നു. റോഡുസൗകര്യമില്ലാത്തതാണ് കൗമാരക്കാരിയുടെ മരണത്തിനു ഇടടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
ആശുപത്രിയിൽ എത്തിക്കാനാവാതെ ഇതിനുമുമ്പും ഗ്രാമത്തിൽ പലരും മരിച്ചിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു. 15 കിലോമീറ്റർ നടന്നാണ് കുട്ടികൾ സ്കൂളിലെത്തുന്നത്.
കസ്തൂരിയെ തുണിത്തൊട്ടിലിൽവഹിച്ചുള്ള മലയിറക്കദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
തങ്ങളുടെ ജീവിതസാഹചര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻവേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് നാട്ടുകാർ വ്യക്തമാക്കി.
A #teenage girl who was #bitten by a #snake died on the way to a #hospital eight #kilometers #away