കാസർകോട്: (piravomnews.in) ആംബുലന്‍സിന് വഴി നല്‍കാതെ കാസര്‍കോട്ട് അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു.
കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിച്ചത്.
അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്.കാര്‍ ഓടിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി പി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്.
ഈ 27 വയസുകാരന്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ അഞ്ച് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം. 9000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കാസര്‍കോട് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ പി. രാജേഷിന്‍റേതാണ് നടപടി.
കാറിന്‍റെ ഉടമയായ മുഹമ്മദ് സഫ്‍വാന്‍റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മില്‍. മംഗളൂരുവില്‍ പോയി മടങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ അപകടകരമായ രീതിയിൽ കാറോടിച്ചത്.
മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ ഏകദേശം നാല് കിലോമീറ്റര്‍ ദൂരമാണ് ഈ കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞത്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ ഡിസൂസ ഇന്നലെ പരാതി നല്‍കിയിരുന്നത്.
#Driving #dangerously without giving way to an #ambulance, license #suspended