കൊച്ചി: വർഷങ്ങൾക്കു മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശസ്‌ത്രക്രിയ കൂടാതെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കാണാതായ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്ത് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് വിദഗ്‌ധചികിത്സക്കായി രോഗി അമൃത ആശുപത്രിയിലെത്തിയത്. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ. അസ്മിത മേത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ ഫൈബ്രോട്ടിക് ബ്രോങ്കോസ്കോപ്പി വഴി മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. രണ്ടുദിവസത്തെ വിശ്രമത്തിനുശേഷം യുവതി ആശുപത്രി വിട്ടു.
Part of the missing nostril in the lungs; The medical team took it out without surgery.