തിരുവനന്തപുരം : (piravomnews.in) കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ ആൻഡമാൻ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.
തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെത്തി തീവ്രന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 26ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് അലർട്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 26ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
#Cyclone: Chance of #rain with #thunder and #lightning for #five #days