കൊച്ചി : (piravomnews.in) ലോകോത്തര നിലവാരത്തിലുള്ള ഗതാഗത, വാണിജ്യ സൗകര്യങ്ങൾ യാത്രക്കാർക്ക് സമ്മാനിക്കാൻ കെഎസ്‌ആർടിസി.
നഗരത്തിൽ വാണിജ്യസമുച്ചയമടങ്ങുന്ന ആധുനിക ബസ് ടെർമിനൽ നിർമിക്കാൻ കെഎസ്‌ആർടിസി നടപടി തുടങ്ങി. നാശോന്മുഖമായ നിലവിലെ ടെർമിനൽ പൊളിച്ചോ നവീകരിച്ചോ പുതിയത് നിർമിക്കും. ഇതിനുള്ള തൽപ്പര്യപത്രം കെഎസ്‌ആർടിസി ക്ഷണിച്ചു.
നാല് ഏക്കറിൽ ബസ്‌ബേ, ഓഫീസ്, പമ്പ്, ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം, വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കുള്ള ഇടങ്ങൾ എന്നിവ ഉൾപ്പെടെയാകും ടെർമിനൽ. നിർമിച്ച് പ്രവർത്തിപ്പിച്ച് കൈമാറുന്ന (ബിഒടി) മാതൃകയിലാണ് നിർമാണം നടത്താൻ ഉദ്ദേശിക്കുന്നത്.
നിർമിച്ച് 29 വർഷത്തെ നടത്തിപ്പിനുശേഷം ടെർമിനൽ കെഎസ്‌ആർടിസിക്ക് നൽകാനാണ് വ്യവസ്ഥ. ഇക്കാലയളവിൽ പാട്ടത്തുക കെഎസ്‌ആർടിസിക്ക് ലഭിക്കും.
ടെർമിനൽ നിർമാണം പൂർത്തിയായശേഷം പാട്ടത്തുക ഉയർത്താം. കെഎസ്‌ആർടിസിക്കുമാത്രമല്ല, സംസ്ഥാനത്തിനാകെ വരുമാനം ലഭിക്കുംവിധമാകും പദ്ധതി. സ്ഥലം നികത്തൽ, കെട്ടിടം പൊളിക്കൽ എന്നിവ നിർമാണ കമ്പനിയുടെ ഉത്തരവാദിത്വമാണ്.
യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാല ആവശ്യമാണ് യാഥാർഥ്യമാകുന്നത്. നിലവിലെ കെട്ടിടത്തെയും പരിസരത്തെയുംകുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പുതിയ സ്‌റ്റാൻഡ് നിർമിക്കണമെന്നും ആവശ്യമുണ്ടായി.
തുടർന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടെർമിനൽ നിർമിക്കാനുള്ള പ്രാരംഭനടപടിയെന്ന നിലയിൽ താൽപ്പര്യപത്രം ക്ഷണിച്ചത്. പദ്ധതിയോട് താൽപ്പര്യം പ്രകടിപ്പിച്ചുള്ള അന്വേഷണങ്ങളും പ്രതികരണങ്ങളും ലഭിച്ചുതുടങ്ങിയതായി കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു.
#KSRTC is all set to build a #modern #bus #terminal with a #commercial #complex in the city