മൂവാറ്റുപുഴ : (piravomnews.in) ജ്വല്ലറിയിൽനിന്ന് 240 ഗ്രാം സ്വർണവും സുഹൃത്തിൽനിന്ന് ഒന്നരലക്ഷം രൂപയും കൈക്കലാക്കി മുങ്ങിയ സ്വർണപ്പണിക്കാരനെ 18 വർഷത്തിനുശേഷം മൂവാറ്റുപുഴ പൊലീസ് മുംബൈയിൽനിന്ന് സാഹസികമായി പിടികൂടി.
മുംബൈ മുലുന്ദ് ജോർജിയോൺ ലിങ്ക് റോഡിൽ മഹീന്ദ്രാ ഹശ്ബാ യാദവിനെ (53)യാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. ജോലി ചെയ്‌തിരുന്ന മൂവാറ്റുപുഴയിലെ സ്വർണക്കടയിൽനിന്ന് ശുദ്ധീകരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് 240 ഗ്രാം സ്വർണക്കട്ടി വാങ്ങിയാണ് ഇയാൾ മുങ്ങിയത്.
2006ലാണ് സംഭവം. കുടുംബസമേതം മൂവാറ്റുപുഴയിൽ താമസിച്ചിരുന്ന യാദവ് സുഹൃത്തിൽനിന്ന് ഒന്നരലക്ഷം രൂപയും കടം വാങ്ങിയാണ് കുടുംബവുമായി മുങ്ങിയത്. തുടർന്ന് മുംബെെ സാൻഗ്ലീ ജില്ലയിലെ പൽവൻ ഗ്രാമത്തിലായിരുന്നു താമസം.
പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ പുനരന്വേഷണത്തിൽ ഇയാൾ മുംബൈയിലുണ്ടെന്ന് കണ്ടെത്തി.
സമ്പന്നർ താമസിക്കുന്ന പ്രദേശത്ത് സ്വർണക്കട ഉടമയായി കഴിഞ്ഞിരുന്ന ഇയാളെ അവിടെനിന്ന് അറസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. പൊലീസ് സംഘം പുലർച്ചെ നടത്തിയ പ്രത്യേക ദൗത്യത്തിലാണ് മഹീന്ദ്രയെ പിടികൂടിയത്. മൂവാറ്റുപുഴയിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തി.
കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. മൂവാറ്റുപുഴ ഡിവൈഎസ്‌പി പി എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ കെ രാജേഷ്, പി കെ വിനാസ്, പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ എ അനസ്, ബിബിൽ മോഹൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#Accused who #drowned with #gold #arrested after 18 #years