അങ്കമാലി : (piravomnews.in) വാഹനപരിശോധനയ്ക്കിടെ നിർത്താതെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു കടന്ന കാറിനെ സിനിമയെ വെല്ലുന്ന തരത്തിൽ പിന്തുടർന്നു പൊലീസ് പിടികൂടി.
നഗരസഭയിലൂടെയും ആറു പഞ്ചായത്തുകളിലൂടെയും രണ്ടു മണിക്കൂറിലേറെ നേരം പൊലീസിനെ വട്ടം കറക്കിയ കാറോട്ടം ഒക്കലിൽ അവസാനിച്ചു.
കാറിലുണ്ടായിരുന്ന രണ്ടു പേരെ പിടികൂടി. ഒരാൾ രക്ഷപ്പെട്ടു. തൊടുപുഴ കാരിക്കോട് കിഴക്കൻ പറമ്പിൽ അജ്മൽ സുബൈർ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലിൽ റിൻഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി, അയ്യമ്പുഴ പെരുമ്പാവൂർ പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
ഞായർ വൈകിട്ട് 6.30ന് അങ്കമാലി ടി.ബി. ജംക്‌ഷനിലെ വാഹന പരിശോധനക്കിടെയാണ് തൃശൂർ ഭാഗത്തു നിന്നു നമ്പർ പ്ലേറ്റില്ലാതെ വന്ന കാറിനു പൊലീസ് കൈകാണിച്ചത്.
മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. തുറവൂർ ഭാഗത്തേക്ക് ഓടിച്ചു പോയ കാർ മഞ്ഞപ്ര പഞ്ചായത്ത് വഴി അയ്യമ്പുഴ പഞ്ചായത്തിലേക്കുക്കു കടന്നു. ചുള്ളിയിൽ വച്ച് അയ്യമ്പുഴ പൊലീസ് കാർ തടഞ്ഞെങ്കിലും പൊലീസ് ജീപ്പിൽ ഇടിപ്പിച്ചു കാർ വെട്ടിച്ചു കടന്നു.
അവിടെ നിന്നു മൂക്കന്നൂർ പഞ്ചായത്തിലേക്കു കടന്ന കാർ കാരമറ്റത്തു പൊലീസ് വീണ്ടും തടഞ്ഞു. ഇത്തവണയും കാർ പൊലീസ് വാഹനത്തിൽ ഇടിപ്പിച്ചു. മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിനിടെ കാർ മതിലിൽ ഇടിച്ചു.
എൻജിൻ നിന്നു പോയതോടെ തള്ളി സ്റ്റാർട്ടാക്കാൻ കാറിൽ നിന്നു പുറത്തിറങ്ങിയ റിൻഷാദിനെ പൊലീസ് പിടിച്ചു. അതിനിടെ സ്റ്റാർട്ടായ കാറുമായി മറ്റു രണ്ടുപേരും പെരുമ്പാവൂർ ഭാഗത്തേക്കു കുതിച്ചു. വല്ലത്തു പൊലീസിനെ കണ്ടു കാർ തിരിച്ചു.
ഒക്കലിൽ എത്തിയ കാർ വെളിച്ചമില്ലാത്ത ഭാഗത്തു നിർത്തി കാറിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിയോടി. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് അജ്മൽ പിടിയിലായത്. ഒരാൾ രക്ഷപ്പെട്ടു.
പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കാറിന്റെ പിന്നിലും മുന്നിലും നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല. രാസലഹരി കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് വഴിയിൽ പരിശോധന നടത്തിയത്.
2 hours to #catch the #car that hit the #police; The #police #chased the #movie