തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലിടം നേടി കാട്ടക്കടക്കാരി രാജി. കാട്ടാക്കടയിൽ ടാക്സി ഡ്രൈവറായിരുന്ന രസാലത്തിൻ്റെയും ശാന്തയുടെയും മകളും കാട്ടാക്കട പനയങ്കോട് തരികത്ത് വീട്ടിൽ വെൽഡിംഗ് തൊഴിലാളിയായ ബനാർജിൻ്റെ ഭാര്യയുമായ രാജിയാണ് ആന വണ്ടിയുടെ വളയം പിടിച്ചു ചരിത്രത്തിൽ ഇടം നേടുന്നത്.
സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെയും കാട്ടാക്കടയിലെയും ആദ്യത്തെയും ആനവണ്ടി വനിതാ ഡ്രൈവറായി രാജി മാറി. സ്കൂട്ടറും കാറും ലോറിയും ഒക്കെ ഓടിക്കാൻ അച്ഛൻ്റെ ശിക്ഷണത്തിൽ പഠിച്ചു. വാഹനത്തോടുള്ള ഇഷ്ടവും കൂടുതൽ സമയം വാഹനം ഓടിക്കണം എന്ന ആഗ്രഹവും ചെന്നെത്തിയത് ഡ്രൈവിംഗ് സ്കൂൾ പരിശീലകയുടെ വേഷത്തിൽ. അവിടെ നിന്നാണ് ഇപ്പോൾ സർക്കാർ ഔദ്യോഗിക ഡ്രൈവർ വേഷത്തിലേയ്ക്ക് രാജി എത്തിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ നിരത്തുകളിൽ രാജി ഡ്രൈവിംഗ് പരിശീലക എന്ന നിലയ്ക്ക് ചിരപരിചിതയാണ്. എപ്പോഴും കാറിൽ പ്രായഭേദമന്യേ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നവർക്ക് നിർദേശങ്ങളും ഉപദേശങ്ങളും നൽകി പോകുന്ന രാജിയെ അറിയാത്തവരില്ല. ആദ്യ ഡ്യൂട്ടി അവസാനിക്കുമ്പോൾ ആദ്യ ദിനത്തിൽ 150 കിലോ മീറ്ററാണ് രാജി വാഹനം ഓടിച്ചത്.
Raji has made history in KSRTC