കോഴിക്കോട്: മാരക രാസലഹരി മരുന്നായ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. കൊടുവള്ളി പന്നിക്കോട്ടൂര്‍ സ്വദേശി വയലങ്കര ഹൗസില്‍ സഫ്തര്‍ ഹാഷ്മി (31), കൂട്ടാളി ബാലുശ്ശേരി ഇയ്യാട് സ്വദേശി അത്തിക്കോട് ഹൗസില്‍ സ്വദേശി എ.കെ റഫീഖ് (35) എന്നിവരെയാണ് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് 104 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. കോഴിക്കോട് - പുല്ലൂരാംപാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സഫ്താര്‍ ഹാഷ്മി. ഇയാള്‍ 55 കിലോ ഗ്രാം കഞ്ചാവുമായി നിലമ്പൂരില്‍ നിന്നും 2.5 കിലോ ഗ്രാം കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടില്‍ വെച്ചും മുമ്പ് പിടിയിലായിരുന്നു. പ്രസ്തുത കേസുകളില്‍ വിചാരണ നടന്നുവരികയാണ്. റഫീഖ് ലോറി ഡ്രൈവറാണ്. ആഡംബര കാറുകളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്ന് എത്തിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ഹോട്ടലുകള്‍, ബാറുകള്‍, ആശുപത്രികള്‍ എന്നിവയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളാണ് ലഹരി കൈമാറ്റത്തിന് ഇവര്‍ തിരഞ്ഞെടുത്തിരുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും ലഹരി മരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതിനാല്‍ പൊലീസ് രഹസ്യ നിരീക്ഷണം തുടരുകയാണ്. ഒരാഴ്ചക്കിടെ ഡാന്‍സാഫിന്റെ മൂന്നാമത്തെ ലഹരി മരുന്ന് വേട്ടയാണിത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Two people, including a private bus driver, were arrested with the deadly drug MDMA.