ആലപ്പുഴ: രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫ് ടീമും അരൂർ പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ എരമല്ലൂർ പിളമുക്ക് ജംഗ്ഷന് സമീപം വച്ച് പിടികൂടിയത്. ലഹരിമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎ പ്രതികളിൽ നിന്നും പിടികൂടി. മാർക്കറ്റിൽ മൂന്നുലക്ഷം രൂപയോളം വില വരും എന്ന് പൊലീസ് അറിയിച്ചു. കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു യുവാവും അരൂർ പൊലീസിന്റെ പിടിയിലായി. കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലന്റെ കിഴക്കിയത് വീട്ടിൽ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലുകളി കിഴക്കേതിൽ ദർവീഷ് ജാഫർ സൈനുദ്ദീൻ (20). ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് 17-ാം വാര്‍ഡ് അരയക്കാട്ടു തറയിൽ സോനു (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അർഷാദ് ഇബ്നു നാസർ ബെംഗളൂരിലും മറ്റു സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ ശേഖരിച്ച് കേരളത്തിലെ സ്വകാര്യ കോളജുകളിലും ഹോസ്റ്റലുകളിലും വിൽപ്പന നടത്തുന്നതിനായി പെരുമ്പാവുരുള്ള സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന ദർവീഷിനെയും സോനുവിനെയും കൂടെ കൂട്ടുകയായിരുന്നു. ബെംഗളൂരിൽ നിന്നും എംഡിഎംഎ എടുത്തശേഷം ദർവീഷിനെയും സോനുവിനെയും മോട്ടോർസൈക്കിളിൽ കയറ്റി എറണാകുളത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന വഴിയാണ് എരമല്ലൂര്‍ വെള്ളമുക്കിന് സമീപം വെച്ച് പിടിയിലാകുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
MDMA worth 3 lakhs was found during the vehicle inspection.