ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പട്ടാപ്പകൽ ഭാര്യയെ ആക്രമിച്ച ശേഷം മാലപൊട്ടിച്ച് കടന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പകൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ വെച്ചാണ് സംഭവം. നെടുംകണ്ടം കല്ലാർ സ്വദേശി പുളിക്കൽ അഭിലാഷിനെയാണ് പൊലീസ് പിടികൂടിയത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഭാര്യയെ അഭിലാഷ് കാറിൽ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. വാഹനം വരുന്നത് കണ്ട യുവതി സമീപത്തെ വ്യാപാരം സ്ഥാപനത്തിനടുത്തേക്ക് ഓടി മാറി. കാർ നിർത്തി ഇറങ്ങിയ ആഭിലാഷ് കടയ്ക്ക് മുൻപിൽ വെച്ച് ഇവരെ നിലത്തേയ്ക്ക് വലിച്ചിട്ട് മർദ്ദിച്ചു. തല പിടിച്ച് തറയിൽ ഇടിപ്പിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അക്രമണത്തിനിടെ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ആറുഗ്രാം തൂക്കമുള്ള സ്വർണ മാലയും കൈക്കലാക്കി ഇയാൾ കടന്നു കളഞ്ഞു. യുവതിയുടെ പരാതിയിൽ കേസെടുത്ത നെടുംകണ്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അടുത്തയിടെ കടം വീട്ടുന്നതിനായി ഇവരുടെ കൈവശമുണ്ടായിരുന്ന സ്ഥലം വിറ്റിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾക്കെതിരെ ഭാര്യ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. കുറച്ചു നാളായി ഇരുവരും അകന്ന് കഴിയുകയാണ്. ഇതോടൊപ്പം കഴിഞ്ഞയിടെ അഭിലാഷിനെതിരെ കുടുംബ കോടതിയിലും പരാതി നൽകി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
The police arrested the husband who broke the necklace after attacking his wife in broad daylight.