പാലാ : അയർലൻഡ് പാർലമെന്റിലേക്ക് ഇതാദ്യമായി മലയാളി മത്സരിക്കുന്നു. പാലാ സ്വദേശിനിയായ പ്രവാസി മഞ്ജുദേവിയാണ് (49) ഐറിഷ് പാർലമെൻ്റിൽ മലയാളി സാന്നിധ്യമാകാൻ മത്സര രംഗത്തുള്ളത്. ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽ ഭരണകക്ഷിയായ ഫിയാനഫോയിൽ പാർട്ടിയുടെ സ്ഥാനാർഥിയായാണിവർ. അയർലൻൻ്റ് മന്ത്രിസഭയിലെ ഭവന,തദ്ദേശ വകുപ്പ് മന്ത്രി ഡറാഹ് ഒ'ബ്രിയാൻ ടി ഡിയ്ക്കൊപ്പം രണ്ടാം സ്ഥാനാർത്ഥിയായാണ് മത്സരം. വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് മഞ്ജു. ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ മുൻനിര നഴ്സായ മഞ്ജുദേവി 19 വർഷമായി അയർലൻ്റ് കൗണ്ടിയിലെ ഡബ്ലിൻ ഫിൻഗ്ലാൻസിലാണ് താമസം. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, ഡിസെബിലിറ്റി സർവീസസ്, കായിക മേഖലകളിൽ മുഖധാരാ പ്രവർത്തകയാണ്. ആരോഗ്യസംരക്ഷണ മേഖലയിൽ മഞ്ജുവിൻ്റെ വർഷങ്ങളായുള്ള സേവന മികവാണ് രാഷ്ട്രീയ സേവന രംഗത്തേയ്ക്ക് മഞ്ജുദേവിക്ക് വഴി തെളിച്ചത്. പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതയായ മഞ്ജുവിൻ്റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് അയർലൻ്റിലെ ഇന്ത്യൻ സമൂഹം കാണുന്നത്. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യകാല (1948) കരസേനാംഗമായിരുന്ന വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ ആചാരിയുടെയും രാധാമണിയുടെയും മകളാണ് മഞ്ജുദേവി. രാജസ്ഥാൻ പിലാനിയിലെ ബിർളാ സ്കൂൾ ഓഫ് നഴ്സിംങിൽനിന്ന് ജനറൽ നഴ്സിംങ് ഒന്നാം റാങ്കോടെ പാസായ മഞ്ജു പഠന കാലത്ത് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ ബാലകൃഷ്ണനാചാരി 1970ൽ പാലാ അസംബ്ലി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു. ഇത്രയുമാണ് മഞ്ജുദേവിയുടെ രാഷ്ടീയ പാരമ്പര്യം. പാലാ സെന്റ് മേരീസ് ഗേൾസ് എച്ച്എസ്, അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ, കോളേജ് വിദ്യാഭ്യാസം. നഴ്‌സിംങ് പഠനശേഷം 2000 വരെ ഡൽഹി ഫോർട്ടിസ് എസ്കോർട്ട്സ് ഹേർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം അനുഷ്ഠിച്ചു. 2000-05 കാലയളവിൽ റിയാദിൽ കിംങ് ഫൈസൽ ഹോസ്പിറ്റലിൽ നേഴ്സായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. 2005ൽ മേറ്റർ ഹോസ്പിറ്റലിൽ നേഴ്സായാണ് മഞ്ജു ഐറിഷ് മണ്ണിലെത്തിയത്. അയർലൻ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബ് ആയ ഫിൻഗ്ലാസ് സ്ഥാപകരിൽ ഒരാളായ തിരുവനന്തപുരം മുടവൻമുകൾ ശ്യാംനികേതനിൽ ശ്യാം മോഹനാണ് മഞ്ജുദേവിയുടെ ഭർത്താവ്. വിദ്യാർഥികളായ ഡിയയും ശ്രേയയുമാണ് മക്കൾ. മൂത്ത മകൾ ദിയ ശ്യാം അയർലൻ്റ് അണ്ടർ 15 ക്രിക്കറ്റ് ടീം അംഗമാണ്. ആരോഗ്യ വകുപ്പിൽ നേഴ്സായ എം ബി ചഞ്ചൽ കുമാരി (കിഴപറയാർ പിഎച്ച് സെൻ്റർ), തിരുവനന്തപുരത്ത് താമസിക്കുന്ന ഹണികുമാർ (ബജാജ് അലൈൻസ് എറണാകുളം) എന്നിവർ സഹോദരങ്ങളാണ്.
Palakkari Manjudevi to become a Malayali presence in the Parliament of Ireland