പെരുമ്പാവൂർ : (piravomnews.in) വനത്തിനുള്ളിലെ പൊങ്ങിൻചുവട് ആദിവാസി മേഖലയിലേക്ക് രണ്ട് ആഴ്ചയ്‌ക്കുള്ളിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കും. വനംവകുപ്പിനുകീഴിലുള്ള 2.8 കിലോമീറ്റർ റോഡ് വിട്ടുനൽകാമെന്ന് അറിയിച്ചതോടെയാണ് സർവീസിന് സാധ്യത തെളിഞ്ഞത്.
പൊങ്ങിൻചുവടുനിന്ന് രാവിലെ ആറിന് എറണാകുളത്തേക്ക് ബസ് പുറപ്പെടും. 8.15ന് കോതമംഗലം, 9.50ന് കാക്കനാട്, 10.15ന് എറണാകുളത്തെത്തും.
വൈകിട്ട് 5.10ന് കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ഇടമലയാർവഴി രാത്രി ഏഴിന് പൊങ്ങിൻചുവട് എത്തി അവിടെ നിർത്തിയിടും. ഇതോടെ പൊങ്ങിൻചുവട്, താളുകണ്ടം പ്രദേശങ്ങളിലെ വിദ്യാർഥികൾക്കടക്കം സർവീസ് ഗുണകരമാകും.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസിൽ, എംഎൽഎമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവർ പങ്കാളികളായി.
ഊരുമൂപ്പൻ ശേഖരന്റെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത് കുമാർ, കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിൻസി മോഹൻ എന്നിവരും ആദ്യയാത്രയിൽ പങ്കാളികളായി.
#KSRTC to start #bus #service to #Ponginchuvad #tribal #area