---
title: "പിറവത്ത് സമഗ്ര കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ക്കും ആരോഗ്യമേളകള്‍ക്കും തുടക്കമായി"
english_title: "Comprehensive cancer screening camps and health fairs were started at Piravam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/98787/comprehensive-cancer-screening-camps-and-health-fairs-were-started-at-piravam"
published_at: "2023-02-22T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5b2b5dcfd4_SA.jpg"
keywords: []
---

# പിറവത്ത് സമഗ്ര കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ക്കും ആരോഗ്യമേളകള്‍ക്കും തുടക്കമായി

> **Lead Summary:** പിറവം മുനിസിപ്പല്‍ പ്രദേശത്തെ എല്ലാവീടുകളെയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര കാന്‍സര്‍ കെയര്‍ പ്രോജക്ടിനും ആരോഗ്യമേളക്കും തുടക്കമായി.

## Article Content

പിറവം മുനിസിപ്പല്‍ പ്രദേശത്തെ എല്ലാവീടുകളെയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര കാന്‍സര്‍ കെയര്‍ പ്രോജക്ടിനും ആരോഗ്യമേളക്കും തുടക്കമായി.

മുനിസ്സിപ്പാലിറ്റിയുടെ ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയിലെ കാന്‍സര്‍ കെയര്‍ പ്രോജക്ടിന്റെ ഭാഗമായാണ് കാന്‍സര്‍ ക്യാമ്പ് സംഘടിപ്പിച്ചത്.ബോധവത്കരണ ക്ളാസ്സ്,വീഡിയോ പ്രദര്‍ശനങ്ങള്‍,ഓറല്‍ എക്സാമിനേഷന്‍,പാപ്സ്മിയര്‍,സ്തന പരിശോധന, മാമോഗ്രാം തുടങ്ങി പ്രാഥമിക പരിശോധനകള്‍ക്കാണ് തുടക്കം കുറിച്ചത്.

ആരോഗ്യ വകുപ്പിന്റെ സബ്സെന്റര്‍ആരോഗ്യമേളകള്‍ക്കും ഇതോടൊപ്പം തുടക്കമായി.

വകുപ്പിന്റെ പ്രതിരോധ പരിപാടികളും മറ്റ് ദേശീയ സംസ്ഥാന ആരോഗ്യ പരിപാടികളും ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദ്യേശത്തോടുകൂടിയാണ് സബ്സെന്റര്‍ തലത്തില്‍ ആരോഗ്യമേളകള്‍ നടത്തുന്നത്.അതോടൊപ്പംതന്നെ ചികിത്സാ മേഖലയിലും അനുബന്ധമായും നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ , ശിശുരോഗ നിര്‍ണ്ണയവും സ്ക്രീനിംഗ് അടക്കമുള്ള പരിപാടികള്‍ വിശദീകരിക്കുക എന്നതും ആരോഗ്യ മേളകളുടെ ലക്ഷ്യമാണ്.

പിറവം നഗരസഭയുടെ വാര്‍ഷിക വികസന പദ്ധതിയുടെ നടത്തിപ്പില്‍ ഏറ്റവും സമഗ്രമായ ഒന്നായി കാന്‍സര്‍ കെയര്‍ പ്രോജക്ട് മാറുകയാണ്.

കാന്‍സര്‍ ഗവേഷണരംഗത്തും ചികിത്സാമേഖലയിലും വലിയ പുരോഗതിയാണ് നമ്മള്‍ നേടിയിട്ടുള്ളത്. പക്ഷെ രോഗം നിഴല്‍പോലെ നമുക്ക് മുന്നിലുണ്ട്. കാന്‍സറിനെ അകറ്റിനിര്‍ത്താന്‍, ആരോഗ്യത്തോടെ ജീവിക്കാന്‍ നമ്മുടെ ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. ആരംഭത്തില്‍ തന്നെ കണ്ടെത്തുക എന്നതാണ് പ്രധാനം. ആരംഭത്തില്‍ തന്നെ കണ്ടെത്തണമെങ്കില്‍ അത് സംബന്ധിച്ച അവബോധം വേണം ,അതിനായുള്ള യജ്ഞമാണ് നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ നടത്തുന്നത്. ക്യാമ്പുകളില്‍ പരിമിതപ്പെടുത്താതെ മുഴുവന്‍ വീടുകളിലും പ്രാഥമിക സ്ക്രീനിംഗിന് ഉതകുന്ന ആരോഗ്യ വിശകലനത്തിനുള്ള ഫോം വിതരണം ആരംഭിച്ചു കഴിഞ്ഞതായും അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ കൂടുതല്‍ രോഗനിര്‍ണ്ണയ പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍ ജെ ഇളന്തട്ട് അറിയിച്ചു.

ആരോഗ്യ മേളയുടെ ഭാഗമായി ,പാലച്ചുവട് ആയുര്‍വേദ ആശുപത്രിയുടെ പ്രദര്‍ശനം, ഹോമിയോ ഡിസ്പെന്‍സറിയുടെ പ്രദര്‍ശനസ്റ്റാള്‍ ,ഐ സി ഡി എസ് പ്രവര്‍ത്തകരുടെ പോഷക ഭക്ഷണ പ്രദര്‍ശനബോധവത്ക്കരണം,ജീവിതശൈലീരോഗങ്ങളുടെ സ്ക്രീനിംഗ് ബോധവത്ക്കരണപ്രദര്‍നം, ഐ സി റ്റി സി വിഭാഗം സ്ക്രീനിംഗ് കൗണ്‍സിലിംഗ്, പാലിയേറ്റീവ് പദ്ധതി പ്രദര്‍ശനം ബോധവത്ക്കരണം, RBSK പദ്ധതി തുടങ്ങിയ സ്റ്റാളുകളും ആശപ്രവര്‍ത്തകരും ജീവനക്കാരും അംഗന്‍വാടി പ്രവര്‍ത്തകരും അവതരിപ്പിച്ച വിവിധകലാപരിപാടികളും ഉണ്ടായിരുന്നു .

പിറവം കൊള്ളിക്കല്‍ ഐബിയില്‍ നടന്ന ഉത്ഘാടനയോഗത്തില്‍ നഗരസഭ ഡപ്യൂട്ടി ചെയര്‍മാന്‍ കെ പി സലിം അദ്ധ്യക്ഷനായിരുന്നു. കാന്‍സര്‍ ക്യാമ്പിന്റെയും ആരോഗ്യ മേളയുടെയും ഉത്ഘാടനം.നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് നിര്‍വ്വഹിച്ചു . ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഷൈനി ഏലിയാസ് സ്വാഗതം ആശംസിച്ചു. ആരോഗ്യ മേളയും കാന്‍സര്‍ കെയര്‍ പ്രോജക്ടും സംബന്ധിച്ച താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍ ജെ ഇളന്തട്ട് വിശദീകരിച്ചു. കാന്‍സര്‍ ബോധവത്കരണത്തിനായി പ്രസിദ്ധീകരിച്ച ലഘുപുസ്തകം ഉത്ഘാടനച്ചടങ്ങില്‍ പ്രകാശനം ചെയ്തു.
മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ ബിമല്‍ചന്ദ്രന്‍ ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രി ജില്‍സ് പെരിയപ്പുറം ,വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.വല്‍സല വര്‍ഗ്ഗീസ് ,കൗണ്‍സിലര്‍മാരായ ശ്രി തോമസ് മല്ലിപ്പുറം ,ശ്രി രാജു പാണാലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു . കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീമതി ജിന്‍സിരാജു നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/98787/comprehensive-cancer-screening-camps-and-health-fairs-were-started-at-piravam)