---
title: "വിവാഹനിശ്ചയത്തിന്റെ തലേദിവസം 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി"
english_title: "Telangana Father Kills Daughter Before Engagement Love Affair"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393333/father-kills-daughter-before-engagement"
published_at: "2026-11-26T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08438851616_1000837677.jpg"
keywords: ["Adilabad", "Crime", "Honour killing"]
---

# വിവാഹനിശ്ചയത്തിന്റെ തലേദിവസം 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

> **Lead Summary:** തെലങ്കാനയിൽ വിവാഹനിശ്ചയത്തിന്റെ തലേദിവസം 19-കാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആദിലാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്യാണി എന്ന പെൺകുട്ടിയെയാണ് പിതാവ് കൈലാസ് കൊലപ്പെടുത്തിയത്.

## Article Content

തെലങ്കാനയിൽ വിവാഹനിശ്ചയത്തിന്റെ തലേദിവസം 19-കാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആദിലാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്യാണി എന്ന പെൺകുട്ടിയെയാണ് പിതാവ് കൈലാസ് കൊലപ്പെടുത്തിയത്.

മാതൃസഹോദരന്റെ മകനുമായി താൻ പ്രണയത്തിലാണെന്ന് കല്യാണി വീട്ടുകാരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. നവംബർ 24-നായിരുന്നു സംഭവം. നവംബർ 25-ന് മറ്റൊരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു. നവംബർ 23-ന് വൈകുന്നേരമാണ് തന്റെ പ്രണയബന്ധത്തെക്കുറിച്ച് കല്യാണി മാതാപിതാക്കളോട് തുറന്നുപറഞ്ഞത്.

ഇതിനെച്ചൊല്ലി വീട്ടിൽ രൂക്ഷമായ വഴക്കുണ്ടായി. തുടർന്ന് പ്രകോപിതനായ പിതാവ് കൈലാസ് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കല്യാണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും കൈലാസ് ശ്രമിച്ചു. തൂങ്ങിമരിച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി പെൺകുട്ടിയുടെ കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ട് കെട്ടിത്തൂക്കി.

വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് താൽപര്യമില്ലാത്തതിനാൽ മകൾ ജീവനൊടുക്കിയെന്നാണ് കൈലാസ് ബന്ധുക്കളെയും അയൽവാസികളെയും വിശ്വസിപ്പിച്ചത്. എന്നാൽ, മരണം നടന്ന ഉടൻതന്നെ തിരക്കിട്ട് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത് ചില ഗ്രാമവാസികളിൽ സംശയമുണ്ടാക്കി. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയതാണെന്ന് കൈലാസ് കുറ്റസമ്മതം നടത്തി.

In Adilabad, Telangana, a father allegedly killed his 19-year-old daughter Kalyani a day before her engagement. She had revealed her love affair with her maternal uncle's son. Police said Kailas tried to stage it as suicide. Villagers grew suspicious over the hurried funeral, leading to his confession.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393333/father-kills-daughter-before-engagement)