---
title: "മൂടിയില്ലാത്ത കോൺക്രീറ്റ് ടാങ്കിൽ വീണ് യുവാവിന്റെ നട്ടെല്ല് തകർന്നു"
english_title: "Kundannoor Junction Man Falls Uncovered Concrete Tank Spine Injury"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391911/junction-man-falls-uncovered-tank-spine-injury"
published_at: "2026-11-17T05:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb9c1db2c10_1000826551.jpg"
keywords: ["Kochi", "Kundannoor", "accident"]
---

# മൂടിയില്ലാത്ത കോൺക്രീറ്റ് ടാങ്കിൽ വീണ് യുവാവിന്റെ നട്ടെല്ല് തകർന്നു

> **Lead Summary:** കൊച്ചി: കുണ്ടന്നൂർ ജങ്ഷനിൽ സർവീസ് റോഡിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടത്തിനുമുന്നിൽ മൂടിയില്ലാതെ പണിതിട്ട കോൺക്രീറ്റ് ടാങ്കിൽ വീണ് യുവാവിന്റെ നട്ടെല്ല് തകർന്നു.

## Article Content

കൊച്ചി: കുണ്ടന്നൂർ ജങ്ഷനിൽ സർവീസ് റോഡിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടത്തിനുമുന്നിൽ മൂടിയില്ലാതെ പണിതിട്ട കോൺക്രീറ്റ് ടാങ്കിൽ വീണ് യുവാവിന്റെ നട്ടെല്ല് തകർന്നു.

അരൂക്കുറ്റി വടുതല കല്യാണപ്പറമ്പിൽ അലക്സ് ഡെമിനിക്കാ(40)ണ് അപകടത്തിൽപ്പെട്ടത്. ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുണ്ടന്നൂർ ജങ്ഷനിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.

സർവീസ് റോഡിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടത്തിനുമുന്നിൽ നിർമിച്ചിട്ടുള്ള ഭൂഗർഭ കോൺക്രീറ്റ് ടാങ്കിന്റെ മുകൾഭാഗം സുരക്ഷിതമായി അടച്ചിരുന്നില്ല. കനംകുറഞ്ഞ ഷീറ്റുകൊണ്ട് അടച്ച നിലയിലായിരുന്നു. ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരും കാൽനടയാത്രികരും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടായിരുന്നിട്ടും മുന്നറിയിപ്പ് ബോർഡോ വേലിയോ സ്ഥാപിച്ചിരുന്നില്ല.

പത്തടിയിലേറെ ആഴമുള്ള ടാങ്കിലേക്ക് വീണ അലക്സിനെ തൊഴിലാളികളെത്തിയാണ് കരയ്ക്ക് കയറ്റിയത്. തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റതായി മനസ്സിലായത്. രണ്ടുദിവസം ഐസിയുവിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനായി. അപകടത്തിനുശേഷം കോൺക്രീറ്റ് ടാങ്ക് സുരക്ഷിതമായി മറച്ചനിലയിലാണ്. അലക്സിന്റെ ബന്ധുക്കൾ മരട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Man suffered serious spine injury after falling into uncovered underground concrete tank at Kundannoor Junction, Kochi. Victim Alex Deminic, 40, of Arookutty Vaduthala Kalyanaparambu, was waiting for Alappuzha bus. Tank was covered only with thin sheet, no warning board or fence. Workers rescued him, admitted to Lakeshore Hospital, underwent surgery Monday. Relatives complained to Maradu police.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391911/junction-man-falls-uncovered-tank-spine-injury)