---
title: "ആറുദിവസമായി കുടിവെള്ളമില്ല; ഉപ്പുവെള്ളം കയറിയതോടെ ദുരിതം"
english_title: "Puthenvelikkara Water Crisis Saltwater Periyar Pumping Stopped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391812/water-crisis-saltwater-periyar-pumping-stopped"
published_at: "2026-11-16T11:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e583a5347_1000583849.png"
keywords: ["Puthenvelikkara", "Paravur", "water crisis", "Periyar saltwater"]
---

# ആറുദിവസമായി കുടിവെള്ളമില്ല; ഉപ്പുവെള്ളം കയറിയതോടെ ദുരിതം

> **Lead Summary:** പറവൂർ: ഉപ്പുവെള്ളം കയറി പമ്പിങ് നിലച്ചതിനെ തുടർന്ന് ആറുദിവസമായി കുടിവെള്ളം കിട്ടാതെ പുത്തൻവേലിക്കര പഞ്ചായത്തിലെ ജനങ്ങൾ ദുരിതത്തിൽ.

## Article Content

പറവൂർ: ഉപ്പുവെള്ളം കയറി പമ്പിങ് നിലച്ചതിനെ തുടർന്ന് ആറുദിവസമായി കുടിവെള്ളം കിട്ടാതെ പുത്തൻവേലിക്കര പഞ്ചായത്തിലെ ജനങ്ങൾ ദുരിതത്തിൽ.

പെരിയാറിൽനിന്ന് വേലിയേറ്റസമയത്ത് ഉപ്പുവെള്ളം ചാലക്കുടി പുഴയിലേക്ക് കയറുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്. കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറിന്റെ ചോർച്ചകളിലൂടെയാണ് ഉപ്പുജലം കയറുന്നത്. ഇളന്തിക്കരയെ കോഴിത്തുരുത്തുമായി ബന്ധിപ്പിച്ച് മണൽബണ്ട് കെട്ടാൻ ഡ്രഡ്ജിങ് ആരംഭിച്ചെങ്കിലും ഡ്രഡ്ജർ കേടായതുമൂലം പണി നിർത്തി.

ജലക്ഷാമം രൂക്ഷമായതോടെ വാർഡുകളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. സ്വകാര്യ ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളം അമിതവിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും പ്രശ്നപരിഹാരത്തിന് ഇടപെടുന്നില്ല. കുടിവെള്ളം മുട്ടിക്കുന്ന യുഡിഎഫ് നയത്തിനെതിരെ ബുധനാഴ്ച മുഴുവൻ വാർഡുകളിലും സിപിഐ എം നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തും.

വേനൽ കടുക്കുന്നതിനുമുമ്പേ താൽക്കാലിക മണൽബണ്ടിന്റെ പണി പൂർത്തിയാക്കണമെന്നും ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് പുത്തൻവേലിക്കര ലോക്കൽ സെക്രട്ടറി സി എ സജീവും പഞ്ചായത്ത് എൽഡിഎഫ് പാർലമെൻ്ററി പാർടി ലീഡർ കെ വി ബൈജുവും പറഞ്ഞു.

Six days without drinking water in Puthenvelikkara panchayat, Paravur after saltwater entered Periyar and stopped pumping. Tide brings saline water into Chalakudy river through regulator leaks. Dredging for sand bund stopped after dredger broke. CM promised tankers but none arrived. Residents buy costly private water. CPI(M) to protest Wednesday demanding bund and tankers.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391812/water-crisis-saltwater-periyar-pumping-stopped)