---
title: "സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന ;382 വാഹനങ്ങൾക്കെതിരെ നടപടി"
english_title: "Ernakulam Private Bus Checking 382 Vehicles Action Fine MVD"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391259/ernakulam-private-bus-checking-382-vehicles-action"
published_at: "2026-11-12T09:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53a4a2454d_1000820348.jpg"
keywords: ["Kakkanad news", "private bus checking", "MVD enforcement", "road safety"]
---

# സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന ;382 വാഹനങ്ങൾക്കെതിരെ നടപടി

> **Lead Summary:** കാക്കനാട്: ജില്ലയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അപകടകരമായ ഡ്രൈവിങ്, സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 382 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങളിലായി 2,41,344 രൂപ പിഴയും ഈടാക്കി.

## Article Content

കാക്കനാട്: ജില്ലയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അപകടകരമായ ഡ്രൈവിങ്, സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 382 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങളിലായി 2,41,344 രൂപ പിഴയും ഈടാക്കി.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ആർടിഒ എൻഫോഴ്സ്മെന്റ് ആലുവ, കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഉൾപ്പെടെ പ്രധാന മേഖലകളിൽ അഞ്ച് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തിയത്. കണ്ടക്ടർക്ക് സാധുവായ ലൈസൻസില്ലാതെ സർവീസ് നടത്തിയതിന് 89 കേസുകളും ബസുകളുടെ വാതിൽ തുറന്നിട്ട് സർവീസ് നടത്തിയതിന് 55 കേസുകളും രജിസ്റ്റർ ചെയ്തു. വേഗപ്പൂട്ട് ഇല്ലാതെയോ പ്രവർത്തനരഹിതമാക്കിയോ സർവീസ് നടത്തിയ 28 ബസുകൾക്കെതിരെയും നടപടിയെടുത്തു. ഈ വാഹനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാനും വേഗപ്പൂട്ട് പുനസ്ഥാപിച്ച് പരിശോധനയ്ക്ക് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

വാഹനങ്ങളിലെ വിഎൽടിഡി, ജിപിഎസ് സംവിധാനങ്ങൾ പ്രവർത്തനരഹിതമായിരുന്നതിന് 31, ബ്ലൈൻഡ് സ്പോട്ട് മിറർ ഇല്ലാത്തതിന് 31, അമിതവേഗത്തിൽ വാഹനം ഓടിക്കൽ 9, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ 7, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ 14 കേസുകളും രജിസ്റ്റർ ചെയ്തു.

അനുവദിച്ച സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തതിന് 14, ട്രിപ്പ് കട്ട് ചെയ്യൽ 17, പെർമിറ്റില്ലാതെ സർവീസ് നടത്തിയതിന് 12 കേസുകളും ഇൻഷുറൻസ് ഇല്ലാതെ സർവീസ് നടത്തിയതിന് രണ്ട് കേസുകളുമെടുത്തു. എയർ ഹോൺ ഉപയോഗം, അനാവശ്യ ലൈറ്റുകളുടെ ഉപയോഗം, ഡ്രൈവിങ്ങിനിടെയുള്ള പുകയില ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്കും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തു. വരുംദിവസങ്ങളിലും കർശന പരിശോധന തുടരും.

 In a special inspection conducted by the Motor Vehicles Department against competitive running, dangerous driving and safety violations by private buses in the district, action was taken against 382 vehicles. A fine of Rs 2,41,344 was collected for various violations. Following the High Court directive, RTO Enforcement conducted inspections in five special squads in major areas including Aluva, Kalamassery, Kakkanad, Tripunithura, Fort Kochi and Mattancherry. Cases were registered for 89 buses operating without valid conductor licence, 55 for operating with doors open, and 28 for operating without speed governors or with them disabled.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391259/ernakulam-private-bus-checking-382-vehicles-action)