---
title: "കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസിൽ നടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ"
english_title: "Kochi Doctor Assault Case Actress Among Three Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390443/kochi-doctor-assault-case-actress-among-three-arrested"
published_at: "2026-11-06T10:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed58d1367b0_1000813853.jpg"
keywords: ["Kochi news", "Kadavanthra police", "doctor assault case", "Kerala crime", "actress arrested"]
---

# കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസിൽ നടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര , നടനും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പള്ളി (42, ബിബിൻ ബേബി), കെ ബി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളായ ഒമ്പതുപേർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറയുന്നു. കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ നാൽപത്തൊന്നുകാരനായ ഡോക്ടർക്കാണ് മർദനമേറ്റതെന്നാണ് പരാതി.

## Article Content

കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര , നടനും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പള്ളി (42, ബിബിൻ ബേബി), കെ ബി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളായ ഒമ്പതുപേർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറയുന്നു. കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ നാൽപത്തൊന്നുകാരനായ ഡോക്ടർക്കാണ് മർദനമേറ്റതെന്നാണ് പരാതി.

പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിൽ ഈ മാസം രണ്ടിനായിരുന്നു സംഭവമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ ഒരാളുടെ അമ്മയുടെ അനിയത്തിക്ക് അസുഖം മൂർച്ഛിച്ചെന്നും ചികിത്സ വേണമെന്നും അറിയിച്ച് ഡോക്ടറെ അപ്പാർട്‌മെന്റിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ചെറിയമ്മയെ മയക്കുമരുന്ന് നൽകിയശേഷം പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു ആക്രമണമെന്നും പരാതിയിൽ പറയുന്നു. ഈ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മുഖത്തും മുതുകത്തും ക്രൂരമായ മർദനമേറ്റ ഡോക്ടറെ മണിക്കൂറുകൾക്ക് ശേഷമാണ് സംഘം വിട്ടയച്ചതെന്നാണ് പരാതി. കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡോക്ടർ കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ സംഘം കവർന്നതായും പരാതിയിലുണ്ട്.

ജില്ലയുടെ വിവിധ ഇടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. മൂവരെയും മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Kadavanthra police arrested three people, including an actress, in connection with the alleged brutal assault of a young doctor in Kochi, police said. Those arrested are actress and lawyer Athulya Chandra (32), actor and executive producer Bibin Perumpally (42), and K.B. Vishnu (31). Police said a search is on for nine other accused. The 41-year-old doctor at a prominent hospital in Kochi alleged he was called to an apartment at Ponnurunni on November 2 and assaulted for hours.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390443/kochi-doctor-assault-case-actress-among-three-arrested)