---
title: "ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങിയ യുവാവിന് വെട്ടേറ്റു; കാർ തകർത്ത് തീയിട്ടു"
english_title: "Neyyattinkara Youth Attacked Car Set On Fire After Visiting Wife In Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389397/youth-attacked-car-burnt-kannankuzhy-amaravila"
published_at: "2026-10-30T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae426c450f5e_1000805048.jpg"
keywords: ["attack", "car burnt", "Amaravila Kannankuzhy", "Marayamuttam police"]
---

# ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങിയ യുവാവിന് വെട്ടേറ്റു; കാർ തകർത്ത് തീയിട്ടു

> **Lead Summary:** തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. യുവാവ് സഞ്ചരിച്ച കാർ അടിച്ചുതകർത്ത ശേഷം തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

## Article Content

തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. യുവാവ് സഞ്ചരിച്ച കാർ അടിച്ചുതകർത്ത ശേഷം തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ സുകുമാരന്റെ മകൻ പ്രദീപിനാണ് (30) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പ്രദീപിന്റെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെ അമരവിളയ്ക്ക് സമീപം കണ്ണൻകുഴിയിലായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരനാണ് പ്രദീപ്.

പ്രസവശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും സന്ദർശിച്ച ശേഷം സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് മൊഴി. കണ്ണൻകുഴിയിൽ നിന്ന് കളത്തറയ്ക്കലിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ അപരിചിതരായ മൂന്നുപേർ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പ്രദീപ് പറഞ്ഞു. ഇവർ ആരാണെന്ന് ചോദിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രദീപിന്റെ മൊഴി.

കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രദീപിനെ സംഘത്തിലെ രണ്ടുപേർ പിടിച്ചുവെക്കുകയും മൂന്നാമൻ കൈവശമുണ്ടായിരുന്ന ചെറിയ വാൾ ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പ്രദീപിന്റെ കൈകൾക്കും മുതുകിനും ആഴത്തിലുള്ള മുറിവേറ്റുവെന്നാണ് വിവരം.

അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രദീപ് മാരായമുട്ടം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്തെത്തി പ്രദീപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് മാരായമുട്ടം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പ്രദീപിന്റെ മൊഴിയെടുക്കാനായി ആശുപത്രിയിലേക്ക് പോയി. ഇതിനിടെയാണ് പ്രതികൾ വീണ്ടും സ്ഥലത്തെത്തി കാർ അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തതെന്നാണ് വിവരം. പുലർച്ചെ 3.30 ഓടെ സംഭവസ്ഥലത്ത് തിരിച്ചെത്തിയ പോലീസ് കണ്ടത് കാർ കത്തുന്നതാണ്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചുവെന്ന് പോലീസ് പറയുന്നു.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോകുന്നതിനായാണ് പ്രദീപ് സുഹൃത്തിന്റെ കാർ വാങ്ങിയിരുന്നതെന്നാണ് വിവരം. കൈകൾക്കും മുതുകിനും ആഴത്തിലുള്ള മുറിവുകളേറ്റ പ്രദീപ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി മാരായമുട്ടം പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പ്രദീപ് പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ലഹരിവിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറയുന്നു.

A 30-year-old man, Pradeep, was brutally attacked with a sword by a three-member gang at Kannankuzhy near Amaravila while returning after visiting his wife and newborn in a Thiruvananthapuram private hospital. He sustained 21 wounds. The gang later returned and torched the car he was travelling in. Pradeep is under treatment at Neyyattinkara General Hospital. Marayamuttam police suspect the accused are involved in cannabis sale and are examining CCTV footage.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389397/youth-attacked-car-burnt-kannankuzhy-amaravila)