---
title: "റോഡിലൂടെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ;നാട്ടുകാരുടെ ജീവന് ഭീഷണിയെന്ന് പരാതി"
english_title: "Kakkanad Private Buses Route Violation Old Kunnumpuram Road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389359/private-buses-route-violation-old-kunnumpuram-road-complaint"
published_at: "2026-10-30T07:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3fe06185d3_1000804791.jpg"
keywords: ["private bus route violation", "Old Kunnumpuram road", "Ernakulam Kakkanad bus"]
---

# റോഡിലൂടെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ;നാട്ടുകാരുടെ ജീവന് ഭീഷണിയെന്ന് പരാതി

> **Lead Summary:** എറണാകുളം: എറണാകുളം - കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ അനുവദിക്കപ്പെട്ട റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നതായി പരാതി.

## Article Content

എറണാകുളം: എറണാകുളം - കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ അനുവദിക്കപ്പെട്ട റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നതായി പരാതി.

ഓൾഡ് കുന്നുംപുറം റോഡിലൂടെയാണ് ബസുകൾ അശ്രദ്ധമായി ഓടുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇടുങ്ങിയ റോഡിലൂടെയുള്ള അശ്രദ്ധമായ ഓട്ടം നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്നുവെന്നും ആക്ഷേപമുണ്ട്.

കഷ്ടിച്ച് ഒരു കാറിന് മാത്രം പോകാവുന്ന ഇടുങ്ങിയ റോഡിലൂടെ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ബസുകൾ ചീറിപ്പായുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നതെന്നും അവർ പറയുന്നു. കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഉൾപ്പെടെ ഈ ഓട്ടം ഭീതി ഉണ്ടാക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

റൂട്ട് മാറ്റിയുള്ള ഓട്ടം യാത്രക്കാരെയും വലയ്ക്കുന്നുണ്ടെന്നാണ് പരാതി. എൻജിഒ ക്വാർട്ടേഴ്സ്, അമ്പാടിമൂല, ഓലിമുകൾ, മാവേലിപുരം, തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് കുന്നംപുറത്ത് ഇറങ്ങേണ്ടി വരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. തുടർന്ന് ലക്ഷ്യസ്ഥാനത്തെത്താൻ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണെന്നും അവർ പറയുന്നു.

ഇടുങ്ങിയ റോഡിലൂടെ അലക്ഷ്യമായി പാഞ്ഞെത്തുന്ന ബസുകൾ കാരണം എതിർദിശയിൽ വരുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും അപകടത്തിൽപ്പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. അനധികൃത സർവീസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ ശക്തമായ പരിശോധന ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

Some private buses operating on the Ernakulam-Kakkanad route are allegedly violating their permitted route and rashly driving through the narrow Old Kunnumpuram Road, locals complain. The road can barely accommodate one car. Passengers to NGO Quarters, Ambadimoola, Thrikkakara and other areas are forced to get down at Kunnumpuram. Locals demand strict action from Motor Vehicle Department and police against illegal services.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389359/private-buses-route-violation-old-kunnumpuram-road-complaint)