---
title: "ട്രെയിനിൽ ചാർജിലിട്ട ഫോൺ പുറത്തേക്ക് തെറിച്ചു; കിലോമീറ്ററുകൾ നടന്ന് കണ്ടെത്തി മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ"
english_title: "Mobile phone fell from train found by ex RPF officer"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388785/train-charging-phone-fell-ex-rpf-officer-found"
published_at: "2026-10-26T11:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adef094d1992_1000800148.jpg"
keywords: ["rpf", "chennai thiruvananthapuram train", "lost phone found", "ernakulam north"]
---

# ട്രെയിനിൽ ചാർജിലിട്ട ഫോൺ പുറത്തേക്ക് തെറിച്ചു; കിലോമീറ്ററുകൾ നടന്ന് കണ്ടെത്തി മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ

> **Lead Summary:** കൊച്ചി: ട്രെയിനിൽ ചാർജിലിട്ട ഫോൺ പുറത്തേക്ക് തെറിച്ച സംഭവത്തിൽ കിലോമീറ്ററുകൾ നടന്ന് ഫോൺ കണ്ടെത്തി യാത്രക്കാരിക്ക് കൈമാറി മുൻ ആർ.പി.എഫ്. ഉദ്യോഗസ്ഥൻ.

## Article Content

കൊച്ചി: ട്രെയിനിൽ ചാർജിലിട്ട ഫോൺ പുറത്തേക്ക് തെറിച്ച സംഭവത്തിൽ കിലോമീറ്ററുകൾ നടന്ന് ഫോൺ കണ്ടെത്തി യാത്രക്കാരിക്ക് കൈമാറി മുൻ ആർ.പി.എഫ്. ഉദ്യോഗസ്ഥൻ.

ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിനിൽ കാട്പാടി സ്റ്റേഷനിൽനിന്നും കയറിയ കൊല്ലം സ്വദേശി ഡോണ സജിയുടെ ഫോണാണ് ഇടപ്പള്ളി-കളമശ്ശേരി സ്റ്റേഷനുകൾക്കിടയിൽ തീവണ്ടിയിൽനിന്ന് തെറിച്ചുപോയത് എന്നാണ് വിവരം. സ്ത്രീകളുടെ ജനറൽ കോച്ചിൽ ജനാലയ്ക്കരികിൽ ഹുക്കിൽ ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ഫോണാണ് പുറത്തേക്കു വീണത് എന്നും റിപ്പോർട്ടിൽ പറയുന്നു.

ഉറക്കത്തിലായിരുന്ന ഡോണ ഫോൺ പോയത് അറിഞ്ഞില്ല എന്നാണ് വിവരം. കൊല്ലത്ത് ഇറങ്ങാൻ നോക്കുമ്പോഴാണ് ഫോൺ കാണാനില്ലെന്നറിയുന്നത്. തുടർന്ന് കൊല്ലം സ്റ്റേഷനിലെ ആർ.പി.എഫ്. ഓഫീസിലെത്തി അവർ പരാതി നൽകി.

സൈബർ ട്രാക്കിങ്ങിലൂടെ ഫോൺ ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ കിടക്കുന്നുണ്ടെന്ന് കണ്ടെത്തി എന്നാണ് വിവരം. ഇതോടെ ആർ.പി.എഫുകാർ എറണാകുളത്തെ ആർ.പി.എഫുമായി ബന്ധപ്പെട്ടു. ഇടപ്പള്ളിയിലാണെന്ന് മനസ്സിലാക്കിയതോടെ ആർ.പി.എഫിൽനിന്ന് വിരമിച്ച ഇടപ്പള്ളി പോണേക്കര സ്വദേശിയായ കെ.ബി. ഷാജിയുടെ സഹായം തേടി.

ഷാജി നടത്തിയ നീണ്ട തിരച്ചിലിനൊടുവിൽ റെയിൽപ്പാതയോരത്തെ കുറ്റിക്കാട്ടിൽനിന്ന് ഫോൺ കണ്ടെത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊല്ലത്തുനിന്നും ഉച്ചയോടെ തിരികെവന്ന ഡോണ എറണാകുളം നോർത്ത് ആർ.പി.എഫ്. സ്റ്റേഷനിലെത്തി എ.എസ്.ഐ. രമേഷ്‌കുമാറിന്റെ കൈയിൽ നിന്നും മൊബൈൽ ഫോൺ കൈപ്പറ്റി.

**

English Summary: **

A mobile phone kept for charging fell out from a moving Chennai-Thiruvananthapuram Superfast train between Edappally and Kalamassery. Owner Dona Saji from Kollam noticed it missing only at Kollam and complained to RPF. Cyber tracking located phone near Edappally. Retired RPF officer KB Shaji from Ponekkara walked kilometers through bushes along railway track and recovered it. Dona collected phone from ASI Rameshkumar at Ernakulam North RPF station.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388785/train-charging-phone-fell-ex-rpf-officer-found)