---
title: "വാടക നൽകിയില്ല ; തർക്കത്തിനൊടുവിൽ അഭിഭാഷകനെ വെടിവച്ചുകൊന്നു"
english_title: "Bengaluru lawyer shot dead over rent dispute, Pattanur native"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387771/lawyer-manjunath-shot-dead-rent-dispute-pattanur-native"
published_at: "2026-10-19T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5f3e99fd61_1000791257.jpg"
keywords: ["bengaluru crime", "lawyer murder", "rent dispute murder", "bengaluru police"]
---

# വാടക നൽകിയില്ല ; തർക്കത്തിനൊടുവിൽ അഭിഭാഷകനെ വെടിവച്ചുകൊന്നു

> **Lead Summary:** ബംഗളൂരു: ബംഗളൂരുവിൽ വാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അഭിഭാഷകനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. പട്ടനൂർ സ്വദേശിയായ മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

## Article Content

ബംഗളൂരു: ബംഗളൂരുവിൽ വാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അഭിഭാഷകനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. പട്ടനൂർ സ്വദേശിയായ മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വാടക നൽകാത്തതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. സംഭവ ദിവസം വാടക ആവശ്യപ്പെട്ട് മഞ്ജുനാഥ് വീട്ടിലെത്തിയിരുന്നു. കൃത്യം നടക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപാണ് ഇയാൾ വാടകക്കാരെ കാണാൻ എത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതായും പോലീസ് പറയുന്നു.

തർക്കം മൂർച്ഛിച്ചതോടെ വാടകക്കാർ മഞ്ജുനാഥിന് നേരെ വെടിയുതിർത്തുവെന്നാണ് ആരോപണം. രാത്രി 11.30 ഓടെ മഞ്ജുനാഥ് താമസിച്ചിരുന്ന മുറിയുടെ വാതിലിൽ അക്രമികൾ മുട്ടിയതായും വാതിൽ തുറന്നപ്പോൾ നെറ്റിയിലേക്ക് വെടിയുതിർത്തതായുമാണ് റിപ്പോർട്ടിൽ പറയുന്നത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം.

പ്രതികൾ ഓൺലൈൻ ഡെലിവറി ജീവനക്കാരാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവർ ഉപയോഗിച്ചതായി കരുതുന്ന നാടൻ തോക്ക് ബംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുവന്നതാകാമെന്നും പോലീസ് സംശയിക്കുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ ബംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചതായാണ് വിവരം.

**

English Summary: **

A 42-year-old lawyer, Manjunath from Pattanur, was allegedly shot dead in Bengaluru following a rent dispute. According to police, the accused are tenants living in his house, identified as online delivery workers. The incident occurred on Sunday around 11:30 pm after an argument over unpaid rent. Police suspect a country-made gun was used and that it was smuggled into Bengaluru. Police have registered a case and launched a search for the accused.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387771/lawyer-manjunath-shot-dead-rent-dispute-pattanur-native)